Review - O Baby: Ranjan Pramod

രഞ്ജൻ പ്രമോദിന്‍റെ ഒ. ബേബി കണ്ടുകഴിയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് 2017-ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ 'മഡ്‍ബൗണ്ട്' ആണ്.

1940-കളുടെ പകുതിയിൽ അമേരിക്കയിലെ മിസ്സിസിപ്പി ഡെൽറ്റ. പരുത്തി വിളയുന്ന യു.എസ്സിന്‍റെ തെക്കൻ പ്രദേശത്ത് വംശീയതയും അടിമത്തവും രൂക്ഷമായിരുന്നു. അവിടെ ജീവിച്ചിരുന്ന രണ്ട് കുടുംബങ്ങള്‍ - ഒന്ന് വെള്ളക്കാര്‍, രണ്ടാമത്തെത് കറുത്തവര്‍; ദാരിദ്ര്യംകൊണ്ട് തുല്യരായിരുന്നെങ്കിലും നിറത്തിന്‍റെ അദൃശ്യമായ ഒരു വരയ്ക്ക് അപ്പുറവും ഇപ്പുറവുമായിരുന്നു അവരുടെ ജീവിതം.

നിറത്തിന്‍റെ ഒളിഞ്ഞുകിടന്ന ആ വര കടക്കാന്‍ ശ്രമിക്കുന്നവര്‍ വിപ്ലവവും യുദ്ധവും തുടങ്ങിവെക്കുന്നു. അതിര് അതുപോലെ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ശരീരം കൊണ്ട് ദുര്‍ബലരാണെങ്കിലും അധികാരം കൊണ്ട് മറ്റുള്ളവരെ തടയുന്നു.

'ഒ. ബേബി' സമാനമായ കഥയാണ്. 'ഇടുക്കിയിൽ നടക്കുന്ന കഥയാണ് ഇതെങ്കിലും ലോകം മുഴുവനുള്ള ഒരു രാഷ്ട്രീയം 'ഒ. ബേബി' സംസാരിക്കുന്നുണ്ടെ'ന്നാണ് ഈ സിനിമയെക്കുറിച്ച് മുൻപ് ചോദിച്ചപ്പോള്‍ രഞ്ജൻ പ്രമോദ് നൽകിയ മറുപടി.

ദിലീഷ് പോത്തനാണ് ഒ. ബേബി. കാടും ഏലവും തമ്മിൽ ലയിച്ചുപോയ 400 ഏക്കര്‍ സ്വന്തമായുള്ള 'സവര്‍ണ ക്രിസ്ത്യൻ' മുതലാളിയുടെ എസ്റ്റേറ്റ് മാനേജരനാണ് ബേബി. ആര്‍ക്കുമറിയാത്ത അയാളുടെ വീട്ടുപേര്‍ തുടങ്ങുന്നത് 'ഒ' എന്ന അക്ഷരത്തിലാണ്.

രണ്ട് തലമുറ മുൻപ് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച ബേബിയുടെ കുടുംബത്തിലിപ്പോള്‍ യേശു ക്രിസ്തു മാത്രമേ ദൈവമായുള്ളൂ. ബേബിയുടെ അടുത്ത ദൈവം മുതലാളി പാപ്പിയാണ്.

"അത് 'ഒ' തന്നെയാകണമെന്നില്ലല്ലോ. അത് സീറോയും ആകാം. പൂജ്യം കഴിഞ്ഞ് ഒരു 'ഡോട്ട്' അല്ലേ. പൂജ്യത്തെക്കാള്‍ വിലകുറഞ്ഞത് എന്നും ആകാമല്ലോ?" - രഞ്ജൻ പ്രമോദ് ഈ സിനിമ ഇറങ്ങുന്നതിന് മുൻപ് അനുവദിച്ച ഒരു അഭിമുഖത്തിനിടെ, ഈ സിനിമയുടെ പേരിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു.

ബേബി, ഏലത്തോട്ടം നോക്കുന്നതും പണിക്കാരെ മെരുക്കുന്നതും ചാരായം വാറ്റുന്നതും വേട്ടയ്ക്ക് പോകുന്നതുമെല്ലാം മുതലാളി പാപ്പിക്കും അയാളുടെ വിൽപ്പത്രം കാത്ത് ജീവിക്കുന്ന മക്കൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയാണ്. പക്ഷേ, ബേബിയുടെ വീട്ടിൽ സ്നേഹത്തിന് ഒരു കുറവുമില്ല. ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കും ഒപ്പമുള്ള ജീവിത്തിൽ ബേബിക്ക് സംതൃപ്തി മാത്രമേയുള്ളൂ. പക്ഷേ, വിദ്യാഭ്യാസമുള്ള അയാളുടെ 18 വയസ്സുകാരൻ മകൻ ബേസിൽ, ജന്മി-കുടിയാന്‍ ബന്ധങ്ങളിലൊന്നും വിശ്വസിക്കുന്നില്ല.

കറുത്ത തൊലിയുള്ള, ഇംഗ്ലീഷ് പറയുന്ന, സമത്വത്തിൽ വിശ്വസിക്കുന്ന ബേസിൽ സുന്ദരനാണ്. പാപ്പി മുതലാളിയുടെ കൊച്ചുമകള്‍ മിനിക്കാണ് അവന്‍ ഏറ്റവും സുന്ദരന്‍. അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മോള്‍ തിങ്സി'ലെ ദളിതനായ കറുത്ത തൊലിയുള്ള 'വെളുത്ത'യെ സ്നേഹിച്ച അമ്മുവിനെപ്പോലെയാണ് മിനി.

'ഗോഡ് ഓഫ് സ്മോള്‍ തിങ്സി'ന് സമാനമായി 'സവര്‍ണ ക്രിസ്ത്യാനി'യും ദളിതനും തമ്മിലുള്ള സ്നേഹം ആകാശം പിളര്‍ക്കുകയും തീമഴ പെയ്യിക്കുകയും ആ ക്രോധത്തിൽ ലോകം മുഴുവൻ 'ചെകുത്താന്‍ മല'യാകുകയുമാണ് 'ഒ. ബേബി'യിൽ.

പാവപ്പെട്ടവര്‍ പട്ടിയെ വളര്‍ത്തുന്നു, പണമുള്ളവര്‍ പാവപ്പെട്ടവരെ വിലയ്ക്ക് വാങ്ങി വളര്‍ത്തുന്നു. ബേബി വളര്‍ത്തുന്ന നായയുടെ പേര് 'വെള്ളയാന്‍' എന്നാണ്. ആ വെളുത്ത നായ അവനും മകനും വഴി കാട്ടുന്നു. സ്വന്തം ജീവിതം ത്വജിക്കുന്നു—മൃഗങ്ങളുടെ ത്യാഗം സിനിമയിൽ ക്ലീഷെ ആണെങ്കിലും സാഹചര്യം ആവശ്യപ്പെടുന്നത് കൊണ്ട് ഇത് മുഴച്ചു നിൽക്കുന്നില്ല.

കഥാപാത്രങ്ങളുടെ അടരുകള്‍ കൈകാര്യം ചെയ്യുന്നതിൽ രഞ്ജൻ പ്രമോദ് മികവ് കാണിച്ചിട്ടുണ്ട്. ബേബി സ്നേഹമുള്ള അച്ഛനും ഭര്‍ത്താവും എല്ലാമാകുമ്പോഴും വിശുദ്ധനല്ല. അയാള്‍ മുതലാളിക്ക് വേണ്ടി അയാളുടെതല്ലാത്ത വഴക്കിന് തുടക്കമിടുന്നുണ്ട്, കൂലി കൂടുതൽ ചോദിക്കുന്ന തൊഴിലാളികളെ വിരട്ടുന്നുണ്ട്, തെറി വിളിക്കുന്നുണ്ട്.

സിനിമ മുന്നോട്ടു കൊണ്ടുപോകുന്ന മിനിയും ബേസിലും ലോകത്തിന്‍റെ പഴയക്രമങ്ങളെയും അയിത്തത്തെയും കുറിച്ച് അ‍ജ്ഞരായ ടീനേജ് കുട്ടികളാണ്. അവര്‍ എല്ലാം തുല്യമായ ലോകത്താണ് ജീവിക്കുന്നത് എന്ന് കരുതുകയും പെരുമാറുകയും ചെയ്യുന്നുണ്ട്, പക്ഷേ, പ്രാക്റ്റിക്കലായ ലോകത്തിന്‍റെ ക്രമങ്ങളെക്കുറിച്ച് അവര്‍ക്ക് അറിയില്ല. ഇതേ 'ജെൻ സി' (Gen Z) ബുദ്ധിയാണ് അവരെ കൂടുതൽ കുഴപ്പങ്ങളിലേക്ക് എറിയുന്നതും.

ഒ. ബേബി പാതയിൽ നിന്ന് വ്യതിചലിക്കുന്നത് സിനിമയുടെ 'തേഡ് ആക്റ്റി'ലാണ്. നെഗറ്റീവ് ഛായയുള്ള കഥാപാത്രങ്ങള്‍ക്ക് പെട്ടന്ന് ആഴം നഷ്ടപ്പെടുന്നു. ഭീഷണികൾ എഴുതിക്കൊടുത്തുപോലെ തോന്നുന്നു. അവര്‍ അതുവരെയുള്ള മാനസികവ്യാപാരങ്ങളിൽ നിന്ന് തനി കൊമേഴ്സ്യൽ സിനിമാ വില്ലന്മാരായി മാറുന്നു. ഇതിൽ പക്ഷേ, അത്ഭുതം തോന്നുന്നില്ല. കാരണം, കൊമേഴ്സ്യലായാണ് സിനിമകള്‍ ചെയ്യുന്നതെന്നാണ് രഞ്ജൻ പ്രമോദിന്‍റെ പ്രഖ്യാപിത നയം.

കഥാപാത്രങ്ങളെല്ലാം മികച്ച അഭിനേതാക്കളാണ് കൈകാര്യം ചെയ്യുന്നത്. വളരെ ചെറിയ തോതിൽ മാത്രമേ മോശം സംഭാഷണങ്ങളും രംഗങ്ങളുമുള്ളൂ. ദിലീഷ് പോത്തന്‍ ബേബിയായി ജീവിക്കുകയാണ്; ഈ വേഷം ചെയ്യാന്‍ ഇപ്പോൾ മലയാളത്തിൽ മറ്റൊരാള്‍ ഉണ്ടെന്ന് ചിന്തിക്കാന്‍ പറ്റുന്നില്ല.

ഇടയ്ക്ക് ചില തെറിവിളികള്‍, ഷിനു ശ്യാമളന്‍റെ ഒരു ടോപ് ലെസ് ഷോട്ട്, വളരെ ചെറിയ തോതിൽ മാത്രം ബുദ്ധിമുട്ടിക്കുന്നത് എന്ന് തോന്നിപ്പിച്ച ചില വയലൻസ് സീനുകള്‍... ഇതെല്ലാം കൊണ്ടായിരിക്കും 'ഒ. ബേബി'ക്ക് അഡൾട്ട് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

മനുഷ്യന്‍റെ പേരും വേരും ഊരും ചികയുന്ന ചോദ്യങ്ങള്‍ രഞ്ജൻ പ്രമോദ് ഒ. ബേബിയിലൂടെ ചോദിക്കുന്നുണ്ട്. 'വെര്‍ച്യു സിഗ്നലിങ്ങി'ന് അപ്പുറം, ആത്മാര്‍ത്ഥമായാണ് ഒ. ബേബി ഈ വിഷയങ്ങളെ സമീപിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. (മുത്തങ്ങ സമരങ്ങളുടെ പശ്ചാത്തലത്തിൽ ഫോട്ടോഗ്രഫർ (2006) എന്ന സിനിമയെടുത്തത് രഞ്ജൻ പ്രമോദാണ്)

ഏറ്റവും കൂടിയ ഹിന്ദു ജാതിയിൽ നിന്ന് മതം മാറിയാണ് തങ്ങള്‍ ഉത്ഭവിച്ചതെന്ന് കരുതുന്ന ഒരു വലിയകൂട്ടം ക്രിസ്ത്യാനികള്‍ കേരളത്തിലുണ്ട്. അവര്‍ 'വീട്ടിലേക്ക് മടങ്ങാന്‍' ആഗ്രഹിക്കുന്നില്ല. പക്ഷേ, അവര്‍ ഏലത്തോട്ടങ്ങളിൽ ജീവിച്ചിരുന്ന, ആടിനെ അറുത്തിരുന്ന, സ്വതവേ ഇരുണ്ട നിറമുള്ള ആളുകളുടെ വേരിൽപ്പെട്ടവരെല്ല തങ്ങളെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

'ഒ. ബേബി'യിൽ ഇടയ്ക്ക് ഒരു രംഗത്ത് ഒരു ചെമ്പ് ബിരിയാണിയുമായി വരുന്ന പഴയ ദളിത് കുടുംബക്കാരെ ബേബി സ്വീകരിക്കുന്നുണ്ട്. മുടിക്ക് ചെമ്പൻ നിറമുള്ള, കാതിൽ കടുക്കനുള്ള 'ബന്ധു' വരുന്നത് അരിവാള്‍ പോലെ വളഞ്ഞ ഒരു സ്വര്‍ണ്ണ വാളുമായാണ്. അയാള്‍ക്കൊപ്പം വരുന്ന സ്ത്രീകള്‍ ഇറക്കം കുറഞ്ഞ ഉടുപ്പുകളിട്ടിരിക്കുന്നു.

മറ്റൊരിടത്ത് ബേബിയുടെ ജീപ്പിന് വഴിമാറിക്കൊടുക്കുന്ന സ്റ്റാൻലിയുണ്ട്. അയിത്തം വഴി മാറിക്കൊടുക്കുന്നത് പോലെയുള്ള ചെറിയ ഇലയനക്കങ്ങളില്ലന്നാണോ അർത്ഥം? അവസാന രംഗങ്ങളിൽ ഒന്നിൽ മെഡിക്കൽ സയൻസിനെ ഒരു പച്ചിലക്കുഴലുകൊണ്ട് വലിച്ചൂതി മാറ്റുന്ന കാര്‍ക്കശ്യമുള്ള ഒരു മുഖമുണ്ട്… പഴയ മര്യാദകൾ, അതിമാനുഷികമെന്ന് ഇപ്പോൾ തോന്നുന്ന വൈദ്യം, കളിയാക്കിയും അകറ്റി നിറുത്തിയും ഒഴിപ്പിച്ചുവിട്ട കുലദൈവങ്ങൾ... ഒ ബേബി നമ്മുടെയെല്ലാം പരസ്യ ജീവിതങ്ങളിൽ നിന്ന് പകര്‍ത്തിയെഴുതിയതാണ്.

ചിനുവാ അച്ചെബിയുടെ 'നോ ലോങ്ങര്‍ അറ്റ് ഈസ്' എന്ന നോവലിന് തുടക്കത്തിൽ ഒരു ശിലപോലെ കിടന്ന ടി.എസ് ഇലിയറ്റിന്‍റെ വരികള്‍ ഓര്‍ത്തുപോകുന്നു.

“We returned to our palaces, these Kingdoms, but no longer at ease here in the old dispensation, with an alien people clutching their gods. I should be glad of another death.”

― T.S. Eliot

Notes:

  1. അഡൾട്ട് സര്‍ട്ടിഫിക്കറ്റുള്ള ഈ സിനിമ കാണാൻ, ജൂൺ 13 രാത്രി 9-ന് എറണാകുളം തൃപ്പൂണിത്തുറയിലെ സെൻട്രൽ ടാക്കീസിൽ ആകെ എത്തിയത് ഞാനുൾപ്പെടെ 13 പേര്‍. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്‍റെ ബാംക്വേ ഹാളിനൊപ്പം മാത്രം വലിപ്പമുള്ള ഒരു തീയേറ്ററാണിത്. കാഴ്ച്ചക്കാരിൽ ഒരു മൂന്നു വയസ്സുകാരൻ കുഞ്ഞുമുണ്ടായിരുന്നു.

  2. ദിലീഷ് പോത്തനെക്കുറിച്ച് ഞാനോര്‍മ്മിക്കുന്ന കാര്യങ്ങളിൽ ഒന്ന് ദിലീഷിന് ഒരു പ്രധാനപ്പെട്ട സിനിമാ പുരസ്കാരം ലഭിച്ചപ്പോള്‍ "ക്നാനായ സംവിധായകന്‍" എന്ന് അഭിമാനത്തോടെ ഒരു ക്നാനായ വെബ്സൈറ്റിൽ വാര്‍ത്ത വന്നിരുന്നു. വംശം, രക്തം, ശുദ്ധി തുടങ്ങിയവയിൽ അഭിരമിക്കുന്ന ഇവര്‍, സ്ക്രീനിലെ ദളിത്-സ്വത്വ വിപ്ലവത്തോട് ചേര്‍ത്ത് ദിലീഷ് പോത്തനെ ഭാവിയിൽ വായിക്കാൻ തയാറാകുമോ?

(This is not a paid post. Opinions expressed are strictly personal and don't necessarily reflect the views of any entity I professionally represent, including my employer(s))

Write a comment ...

Abhijith VM

Content Writer at Asianet News (Digital Sales.) Hibernating Journalist. Previously: Times Internet, Mathrubhumi. Bi-lingual. Opinions strictly personal.