Thrissur Enik Venam!

എനിക്ക് ഈ തൃശ്ശൂര് വേണം. നിങ്ങളെനിക്ക് ഈ തൃശ്ശൂര് തരണം. ഈ തൃശ്ശൂര് ഞാനിങ്ങ് എടുക്കുവാ. എനിക്ക് വേണം ഈ തൃശ്ശൂർ.

- സുരേഷ് ​ഗോപി, circa 2019

രാവിലെ 10:15നും 11:45നും ഇടയ്ക്കുള്ള മുഹൂർത്തം അത്യാവശ്യം വലിയൊരു കാലയളവ് പോലെ തോന്നിക്കുമെങ്കിലും അതിനുള്ളിൽ എറണാകുളത്ത് നിന്ന് തൃശ്ശൂർ എത്താൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ പോരായ്മ. മുഹൂർത്തത്തിൽ എത്തിയില്ലെങ്കിൽ എന്താണ് ഉണ്ടാകുന്നത് എന്ന് അറിയാമല്ലോ? പരിപാടികൾ മുടങ്ങും, ആളുകൾ പിണങ്ങും, കാണാതാകും, നിയമങ്ങളുടെ ഇടയിൽ കുരുങ്ങും, ചിലപ്പോൾ ഒരു ട്രാൻസ് അറ്റ്ലാന്റിക് വിമാനയാത്രയ്ക്ക് പഴി കേൾക്കേണ്ടി വരും.

ഞാൻ രാവിലെ യാത്ര തുടങ്ങിയതാണ്. അതിന് മുൻപ് അര ഡസൺ ജീൻസുകൾ മാറ്റിപ്പരീക്ഷിച്ചു, തേച്ചുവച്ച രണ്ട് ഷർട്ടുകൾ ചേരുന്നില്ലെന്ന് കണ്ട് ഉപേക്ഷിച്ചു, മുടിക്ക് ഭം​ഗിയില്ലാത്തത് കൊണ്ട് തലതന്നെ വെട്ടിക്കളഞ്ഞാലോയെന്ന് ആലോചിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ രക്ഷയില്ലെന്ന് തോന്നിയത് കൊണ്ട് ഒടുവിൽ യാത്ര തുടങ്ങി.

അര മണിക്കൂറിന്റെ ആനുകൂല്യം തീർന്നത് അറിയിച്ച് ബസ്സിൽ സ്പോട്ടിഫൈയുടെ പരസ്യം വന്നു. അതിന് ശേഷം "വെണ്ണിലാച്ചന്ദനക്കിണ്ണം" എന്ന പാട്ട് ഉച്ചത്തിലായി. തൃശ്ശൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിൽ തിരക്കില്ല. 99 രൂപയാണ് ടിക്കറ്റിന്. ഒരു രൂപ കണ്ടക്ടർ തിരികെ തരുന്നില്ല.

"ഒരു രൂപയൊക്കെ ഒരുരൂപയാണോ?" അയാളുടെ മുഖത്ത് നോക്കിയാലറിയാം.

**

ചിങ്ങത്തിലെ അവിട്ടമാണ് നാൾ. ഓണം അവസാനിക്കുകയാണ്. റോഡിൽ തിരക്കുണ്ട്; ഞായറാഴ്ച്ചയുടെ ആലസ്യമില്ല. കൊവിഡ് ഒന്ന് അടങ്ങിയതിന് ശേഷം ഇതാണ് അവസ്ഥ. വാശിക്ക് ആളുകൾ പുറത്തിറങ്ങുകയാണ്. ഇടയ്ക്ക് ട്രാഫിക് ലൈറ്റുകൾ, പുറത്ത് പച്ചപ്പ്, പ്യൂവർ വെജിറ്റേറിയൻ ഹോട്ടലുകളിൽ കാറുകളുടെ നീണ്ട നിര, പോത്തിറച്ചി വിൽക്കുന്ന ചെറിയ ഷെഡ്ഡുകൾക്ക് മുന്നിൽ ആൾക്കൂട്ടം, ക്രിസ്ത്യൻ പള്ളികളിൽ അതിനെക്കാൾ ജനം.

ആര്യാസ്, ന്യൂ ആര്യാസ്, ശരവണാസ്, ശരവണഭവൻസ്… തികഞ്ഞ (പ്യുവർ) വെജിറ്റേറിയൻ റസ്റ്റോറന്റുകൾ ബോറടിപ്പിക്കുകയാണ്. ഇതിൽ അനിവാര്യമായൊരു "ഡിസ്റപ്ഷൻ" വേണ്ടത് ആര്യാസിന് പകരം ഒരു അലിയാർസ് പ്യുവർ വെജ് റെസ്റ്റോ. എന്ന പേരിലൊരു റസ്റ്റോറന്റ് തുടങ്ങുകയാണ്.

കെ.എസ്.ആർ.ടി.സി ഡ്രൈവർ ഒരു ബോറൻ ആണ്; ചെറുമീനുകൾ മാത്രമുള്ള കടലിന്റെ ഒരു കോണിലേക്ക് വലിയൊരു തിമിം​ഗലത്തെ അയക്കുന്ന ദൈവത്തെപ്പോലെ ക്രൂരൻ. ഒരു തവണ ഒരു ചുവപ്പ് മാരുതി കാർ, ഒരു തവണ ഒരു ഹീറോ ഹോണ്ട ബൈക്ക്… ബസ്സിന്റെ തിരണ്ടിവാലിന് ഇഞ്ചുകൾക്ക് അരികെ ജീവൻ തിരിച്ചുപിടിച്ച് വീണ്ടും റോഡിലേക്ക് മരണക്കളിക്ക് വരികയാണ് കുഞ്ഞുവണ്ടികൾ.

ബസ് ഡ്രൈവർ കോയൻ ബ്രദേഴ്സിന്റെ "നോ കൺട്രി ഫോർ ഓൾഡ് മെന്നി"ലെ സീരിയൽ കില്ലറെ ഓർമ്മിപ്പിക്കുന്നു.

"ഹെഡ്സ് ഓർ ടെയ്ൽസ്?"

"ടെയ്ൽ"

"ഓ, ടെയ്ൽ! ഞാൻ നിങ്ങളെ ജീവിക്കാൻ വിടുന്നു"

തൃശ്ശൂരിലേക്ക് അടുക്കുമ്പോൾ ഒരു വലിയ ട്രെയിലർ ലോറി കുഞ്ചിയൊടിഞ്ഞ് റോഡിൽ കിടക്കുന്നു. ​ഗോലിയാത്തിന്റെ ശവത്തിന് ചുറ്റും ആർക്കുന്ന പുരുഷാരം പോലെ വണ്ടികൾ അതിനെച്ചുറ്റി കടന്നുപോകുന്നു.

**

രണ്ട് അഡ്രസ്സുകളാണ് എനിക്ക് അയച്ചു തന്നത്. ഒന്ന്, വിവാഹം നടക്കുന്ന തൃശ്ശൂർ ന​ഗരത്തിന് പുറത്തുള്ള ക്ഷേത്രത്തിന്റെ ​ഗൂ​ഗ്ൾ മാപ്പ്. രണ്ട്, വൈകീട്ട് നാല് മണിക്കുള്ള വിവാഹ റിസപ്ഷൻ നടക്കുന്ന പള്ളി ഹാളിന്റെ ​ഗൂ​ഗ്ൾ മാപ്പ്.

വിവാഹം നടന്ന് അര മണിക്കൂറിന് ശേഷം മാത്രം തൃശ്ശൂർ എത്തിയത് കൊണ്ട് അമ്പലത്തിലേക്ക് പോകേണ്ടന്ന് ഞാൻ കരുതി. പകരം, വർഷങ്ങൾക്ക് മുൻപ് ഒരു തവണ മാത്രം പോയിട്ടുള്ള വരന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പക്ഷേ, വഴിയറിയില്ല. വാട്ട്സാപ്പിൽ അയച്ചുകിട്ടിയ കല്യാണക്കുറിയിൽ നിന്ന് വീട്ടുപേരും ദേശത്തിന്റെ പേരും മനസ്സിലാക്കി, ഒരു ഓട്ടോറിക്ഷ വിളിച്ച് ഏറ്റവും അടുത്ത ജംക്ഷനിലെത്തി. ലക്ഷ്യത്തെക്കുറിച്ച് അറിയില്ലെങ്കിലും പഴയ, ഒരു ദിവസത്തെ ഓർമ്മ മാത്രം ഓർത്തെടുത്ത് നടക്കാൻ തുടങ്ങി. ഒന്ന് രണ്ട് അനാവശ്യ വളവുകളും തിരിവുകളും വേണ്ടി വന്നെങ്കിലും ഒടുവിൽ കല്യാണ വീട്ടിലെത്തി. അത് അടഞ്ഞുകിടന്നു. ​ഗേറ്റ് പുറത്തുനിന്ന് പൂട്ടിയിരുന്നു.

അടുത്ത വീട്ടിലെ ഒരു സ്ത്രീ വന്ന് സംസാരിച്ചു. അവരെ കല്യാണം വിളിച്ചിട്ടില്ലെന്ന് തോന്നുന്നു. അവിടെയും ഇവിടെയും തൊടാതെ അവരെന്തോ പറഞ്ഞു. ഞാൻ വീണ്ടും തിരിച്ചു നടന്നു. സമയം ഉച്ചയ്ക്ക് 12 ആകുന്നതേയുള്ളൂ; വൈകീട്ട് നാല് മണിക്ക് റിസപ്ഷൻ വരെ എവിടെ കാത്തുനിൽക്കും? വലിയ കാര്യമില്ലെന്ന് അറിയാമെങ്കിലും അവസാനത്തെ ശ്രമമെന്ന നിലയിൽ വരന്റെ ഫോണിൽ വിളിച്ചു. മറുപടി പ്രവചനീയമായിരുന്നു: താങ്കൾ വിളിക്കുന്ന നമ്പർ സ്വിച്ച്ഡ് ഓഫ് ആണ്!

സുഹൃത്ത് സുജേഷ് ​ഗ്രാമിക വിളിച്ചു. അടുത്ത ബസ്സിന് കൊച്ചിയിലേക്ക് തിരികെ പോകുന്നതാണ് ഏറ്റവും നല്ലതെന്ന് ഉപദേശിച്ചു.

**

മടങ്ങിപ്പോകുന്നത് എനിക്ക് പുതുമയല്ല. എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ മുഖ്യപങ്കും കാര്യമായ ലക്ഷ്യമില്ലാത്ത അലച്ചിലാണ്. ജീവിതം ഒന്നിനെയും മോഹിക്കുന്നില്ല, ഒന്നിനോടും അഭിവാഞ്ജ തോന്നുന്നില്ല, എവിടെ നിന്നും ഇറങ്ങിപ്പോകാൻ ഒരുക്കമാണ്, സ്നേഹിക്കുന്നതിനെ ഭയപ്പെടുക എന്നത് മാത്രമാണ് സ്ഥായിയായ വികാരം.

The billboard announces an upcoming TV news channel in Kerala. Did anyone order that? NO!

ഹിമാലയത്തിന്റെ ഉച്ചിയിലേക്ക് ആയിരം മീറ്റർ മാത്രമേ ദൂരമുള്ളൂ, പക്ഷേ, അവിടെ ഒരു പ്രതിബന്ധമുണ്ട്. അത് മാറുംവരെ കാത്തു നിൽക്കാം, അല്ലെങ്കിൽ തിരികെപ്പോരാം എന്നൊരു ഉപാധി ആരെങ്കിലും വച്ചാൽ ഞാൻ മിക്കവാറും തിരികെപ്പോരും. അങ്ങ് അറ്റത്ത് ചെന്ന് ഉച്ചിയിൽ തൊടുന്നത് വലിയൊരു നേട്ടമാണെന്ന് എന്റെ മനസ്സ് ഒരിക്കലും സമ്മതിക്കില്ല. അതില്ലാതെയും നിങ്ങൾ നിങ്ങൾ തന്നെയാണല്ലോ, അത് ചെയ്യാതെയും നിങ്ങൾ നിങ്ങൾ തന്നെയാണല്ലോ എന്നായിരിക്കും മനസ്സ് പറയുക.

തൃശ്ശൂർ സത്യത്തിൽ മടങ്ങിപ്പോരാനുള്ള എന്റെ ആ​ഗ്രഹങ്ങൾക്ക് ശക്തിമാത്രമേ പകരാറുള്ളൂ. ഏതാനും വർഷങ്ങൾക്ക് മുൻപ് കുറഞ്ഞത് മാസത്തിൽ ഒരിക്കലെങ്കിലും ഒരു സൈക്കിയാട്രിസ്റ്റിനെ കാണാൻ ഞാൻ തൃശ്ശൂർ പോകുമായിരുന്നു. കലൂരിലെ വീട്ടിൽ നിന്നും ബസ്സിൽ 2.5 മണിക്കൂറുള്ള യാത്ര. പടിഞ്ഞാറേ കോട്ടയിൽ ഒരു മെഡിക്കൽ സ്റ്റോറിനും മോട്ടോർ വർക്ക്ഷോപ്പിനും ഇടയിലൂടെയുള്ള ​ഗോവണി കയറി ഡോക്ടറുടെ ക്ലിനിക്കിൽ എത്തുന്നു. കൈക്കുഞ്ഞ് മുതൽ 70-കളുടെ അവസാനം വരെ എത്തുന്ന മനുഷ്യരുടെ നീണ്ട നിര. നിറഞ്ഞ കസേരകൾ, ഇപ്പോഴെനിക്ക് ഓർത്തെടുക്കാൻ പറ്റാത്ത ഒരു വാൾ-മൗണ്ടഡ് ഫാനിന്റെ ശബ്ദം, മുറിക്ക് പുറത്തേക്ക് നീളുന്ന മനുഷ്യരുടെ നിര. ഭീകരമായ മനംപിരട്ടലും നിരാശയും കാരണം അവിടെയെത്തി അഞ്ച് മിനിറ്റിൽ ഞാൻ കൊച്ചിയിലേക്ക് മടങ്ങും. സൈക്കിയാട്രിസ്റ്റിനെ കണ്ടെന്ന് റൂംമേറ്റ് അനീഷ് കല്ലത്തോട് നുണ പറയും.

എന്നെ ലോകം പ്രലോഭിപ്പിക്കുന്നില്ല; ഇവിടെ നിന്ന് ഓടി മാറാനുള്ള ത്വരയെ ഉത്തേജിപ്പിക്കുന്നതേയുള്ളൂ. ആ അർഥത്തിൽ ലോകത്തോടുള്ള പോരാട്ടത്തിൽ ഞാനാണ് സ്ഥിരം ജയിക്കുന്നത്.

**

കിഴക്കേപ്പുറം എന്ന് എഴുതിയിരുന്ന ദിശാബോർഡിന് മുൻപിൽ ഞാൻ ഓട്ടോറിക്ഷ നോക്കി നിന്നു. അപ്പോഴാണ് ഒരു കുഞ്ഞൻ പെട്രോൾ ഓട്ടോ വന്നത്. എവിടേക്കാണെന്ന് അയാൾ ചോദിച്ചപ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പകരം ഞാൻ അന്നത്തെ ദിവസത്തിന്റെ കഥയാണ് പറഞ്ഞത്. നിങ്ങളിത്ര ദൂരം വന്നിട്ട് കല്യാണംകൂടാതെ എന്തിനാണ് തിരിച്ചു പോകുന്നത് എന്നായി അയാൾ.

ഞായറാഴ്ച്ചയാണ്, അയാൾക്ക് തിരക്കില്ല. വേണമെങ്കിൽ കല്യാണ വീട് കണ്ടുപിടിക്കാം എന്ന് പറഞ്ഞു. അയാളൊരു ഉയരം കുറഞ്ഞ മനുഷ്യനായിരുന്നു. ഒരു റോക്ക് ബാൻഡിലെ ​ഗിറ്റാറിസ്റ്റിനെപ്പോലെ മുടി നീട്ടി വളർത്തിയിരുന്നു. വൃത്തിയായി കെട്ടിവച്ചിരുന്ന മുടി അയാളുടെ ചതുരാകൃതിയിലുള്ള മുഖത്തിന് ചേരുന്നതായിരുന്നു. ഓട്ടോറിക്ഷയുടെ മുൻപിൽ അൾത്താര പോലെയുള്ള ഒരു തട്ടിൽ അയാൾ മൊബൈൽ ഫോൺ സൂക്ഷിച്ചിരുന്നു. ഒരു ഭക്തി​ഗാനമായിരുന്നു അതിന്റെ റിങ്ടോൺ.

"നിങ്ങളെ കണ്ടപ്പഴേ എനിക്ക് തോന്നി ഇവിടെയുള്ള ആളല്ലെന്ന്. ആ മട്ടും പെരുമാറ്റവും കണ്ടാൽ മനസ്സിലാകും. എന്റെ വീട് ഇവ്ടെ അടുത്താണേ." അയാൾ സൗഹൃദം സ്ഥാപിച്ചു.

അങ്ങനെ വാട്ട്സാപ്പിലുള്ള കല്യാണക്കുറിയിൽ നിന്ന് വധുവിന്റെ വീട് കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചു.

"പനമുക്ക് വെളുത്തേടത്ത് പറമ്പിൽ വീട്ടിൽ പരേതനായ (പേര്) ശ്രീമതി (പേര്) -യുടെയും മകൾ (പേര്) ആണ് വധു."

പനമുക്ക് വിശാലമായ ഒരു പ്രദേശമാണ്. അവിടെപ്പോയി മാതൃഭൂമി ലോക്കൽ പേജിൽ പോലും പേര് വരാത്ത ഒരാളെ അന്വേഷിക്കുന്നത് "മഴവിൽക്കാവടി"യിൽ വേലായുധൻകുട്ടി പഴനിയിൽ ചെന്ന് കുഞ്ഞിക്കാദറിനെ അന്വേഷിച്ചത് പോലെയിരിക്കും.

**

പനമുക്കിൽ ഒരു ഇറച്ചിവെട്ടുകട മാത്രമേ തുറന്നിട്ടുള്ളൂ. അതിന് മുൻപിൽ നാല് പുരുഷന്മാർ കശാപ്പ് ആസ്വദിച്ചിരിക്കുന്നു.

"ഇവിടെ അടുത്ത് അങ്ങനൊരു കല്യാണം അറിയില്ലട്ടാ" ഒരാൾ പറഞ്ഞു.

"പനമുക്ക്, എവിടെയാന്ന് അറിയോ? ​ഗൂ​ഗ്ള് മാപ് ഇണ്ടാ?" മറ്റൊരാൾ പറഞ്ഞു.

"പനമുക്ക് ഇദ്ദാണ്. പക്ഷേ, ഇവിടെ കൊറെ ഏരിയ ഇണ്ടേ, ഇതിലിപ്പോ ഏതാന്ന്... നിങ്ങടെയാണെങ്കി വീട്ടുപേര് മാത്രോള്ളൂ?" ആരോ പറഞ്ഞു.

"വീട്ടുപേരെന്താ പറഞ്ഞേ?" കശാപ്പുകാരൻ ചോദിച്ചു.

"വെളുത്തേടത്ത് പറമ്പിൽ..."

"വെളുത്തേടത്ത് പറഞ്ഞാ, നായമ്മാരാ. നായന്മാര്ടെ കല്യാണം... ങും.. ഹ്... ങും.. ഇവിടെ നായമ്മാരില്ലല്ലോ. ശിവക്ഷേത്രത്തിന്റെ തെക്ക് നായന്മാര്ണ്ട്. ഇനി അവിടെയാണോ?" കശാപ്പുകാരൻ സാധ്യതകൾ ആലോചിച്ചുകൊണ്ടിരുന്നു.

(തൃശ്ശൂരിൽ ഒരു വിവാഹ വീട് അന്വേഷിക്കുമ്പോൾ ജാതി പരാമർശിക്കുന്നത് ആദ്യമായല്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് വടക്കാഞ്ചേരിയിൽ ഒരു വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴും ഈ ചോദ്യം കേട്ടിട്ടുണ്ട്.)

അപ്പോൾ അതുവഴി ഒരാൾ സൈക്കിളിൽ പോയി. അയാൾക്ക് 'എല്ലാം അറിയാമെ'ന്ന് കശാപ്പുകാരൻ പറഞ്ഞു. തലയും മീശയും നരച്ച കുടവയറില്ലാത്ത ഒരു മധ്യവയസ്കൻ. അയാൾ വിശദമായി കാര്യങ്ങൾ കേട്ടു.

"വെളുത്തേടത്ത് പറമ്പിൽന്നാണ്. അപ്പോ നായമ്മരാകണംന്ന് ഇല്ല" പുതിയൊരു സമസ്യ കൂടെ ചേർത്തിട്ട് അയാൾ സൈക്കിൾ ഉന്തിക്കൊണ്ടു പോയി.

**

ഓട്ടോ ഉരുണ്ട് വിവാഹം നടന്ന ക്ഷേത്രത്തിലെത്തി. അവിടെ മുറ്റത്ത് ഒരു ഡ്രൈവിങ് സ്കൂളിന്റെ കാർ മാത്രമേയുള്ളൂ. മെഡിക്കൽ ഷോപ്പിലും ബേക്കറിയിലും മുറുക്കാൻ കടയിലും നിന്നവർ പറഞ്ഞു അങ്ങനെയൊരു കല്യാണ വീട് അറിയില്ലെന്ന്. യുവാക്കൾ കൂട്ടമായി നിന്ന ഒരു ക്ലബ്ബ് വക കെട്ടിടത്തിന് മുന്നിൽ ഓട്ടോ നിറുത്തി. സരസ്വതി മണ്ഡപത്തിൽ ഒരു കല്യാണം നടക്കുന്നുണ്ട്. അതായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്ന കല്യാണം എന്ന് അവർ പറഞ്ഞു. സരസ്വതി മണ്ഡപത്തിൽ എത്തുമ്പോൾ അവിടെ ആൾക്കൂട്ടമുണ്ട്, കറികളുടെ മണമുണ്ട്. പക്ഷേ, ‍ഞാനുദ്ദേശിക്കുന്ന വരനും വധുവും മാത്രമില്ല.

"മോനെ, നീ തിരിച്ച് എറണാകുളം പൊയ്ക്കോ. അതായിരിക്കും നല്ലത്" രസംകെട്ട് ഓട്ടോ ഡ്രൈവർ പറഞ്ഞു.

ശരി, തിരിച്ചുപോയേക്കാം. അമ്പലത്തിൽ നിന്ന് തിരികെ പോകുന്ന ആദ്യത്തെ കവലയിൽ ഓട്ടോയെത്തി. അവസാന ശ്രമമെന്ന നിലയിൽ ബേക്കറിയിൽ ചോദിച്ചു. ഒരു ​ഗ്ലാസ്സ് അലമാരക്ക് പിന്നിൽ നിന്ന് അയാൾ പറഞ്ഞു: ആ കല്യാണം കഴിഞ്ഞ് എല്ലാ വണ്ടിയും പോയത് ഇടത്തേക്കുള്ള റോഡിലേക്കാണ്. അത് അധികം ദൂരമില്ലാത്ത റോഡാണ്. അങ്ങോട്ട് പോയാൽ സ്ഥലം കണ്ടുപിടിക്കാം.

തിളങ്ങുന്ന നീല ഷർട്ടിട്ട ഒരാളും അപ്പോഴേക്ക് എത്തി.

"മോൻ പറയുന്ന ഒരു കല്യാണം ഇവിടെ അടുത്തുണ്ട്. അത് പക്ഷേ, ആശാരിയണല്ലോ. പക്ഷേ, ഈ വെളുത്തേടത്ത്ന്ന് പറയുമ്പോൾ..."

ബേക്കറിക്കാരനെ വിശ്വസിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ചെമ്പരത്തികളും പേരറിയാത്ത വേലിക്കൊന്നകളും വളരുന്ന ഇടവഴികളൂടെ ഓട്ടോ സഞ്ചരിച്ചു. രണ്ട് തവണ യൂ-ടേൺ എടുക്കുകയും യാതൊരു സഹായവും നൽകാൻ കഴിയാത്ത രണ്ടുപേരെ കാണുകയും ചെയ്തതിന് ശേഷം ഓട്ടോ കല്യാണ വീടിന് മുന്നിലെത്തി. വധുവും വരനും അർധ ആലിം​ഗനം ചെയ്തു നിൽക്കുന്ന ഒരു പോസ്റ്റർ അവിടെ പതിച്ചിരുന്നു. പക്ഷേ, ആ വീട് അടഞ്ഞുകിടന്നു. വാടകയ്ക്ക് എടുത്ത കസേരകളും മേശകളും പരസ്പരം പുണർന്ന് കിടന്നു. തിളങ്ങുന്ന സ്റ്റീൽ ബേസിനുകളും തിളങ്ങുന്ന വെള്ളം നിറയ്ക്കുന്ന ജ​ഗ്​ഗും പോംപെയ് ന​ഗരത്തിലെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെപ്പോലെ സമയത്തിൽ ലയിച്ച് ഉറഞ്ഞുനിന്നു.

കല്യാണ വീടിന് നേരെ എതിർവശത്ത് ഒരു വീടുണ്ടായിരുന്നു. അതിന്റെ രണ്ടാംനിലയിലെ ബാൽക്കണയിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പരാക്രമവും നിരാശയും കണ്ട് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു: കുർക്കഞ്ചേരി അമ്പലത്തിലേക്കാണ് നിങ്ങൾ പോകേണ്ടത്.

ഒരു വലിയ പദപ്രശനത്തിന്റെ ഒടുവിൽ ഉത്തരം കിട്ടുമ്പോൾ അത് സൃഷ്ടിക്കാവുന്ന ഞെട്ടലും ആഹ്ലാദവും പ്രകടിപ്പിക്കാൻ നിൽക്കാതെ ലാഘവത്തോടെ പ്രതികരിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയെപ്പോലെ ഓട്ടോ ഡ്രൈവർ പറഞ്ഞു, "വാ, കേറ്"

**

ഇനി സർപ്രൈസുകളില്ല. അമ്പലം കണ്ടെത്തി. വിവാഹം കഴിച്ചവരെ കണ്ടെത്തി. ഞാൻ എത്തിയിട്ടുണ്ടെന്ന് അവരെ മനസ്സിലാക്കിച്ചു. ഓട്ടോ ഡ്രൈവർ ഫോൺ നമ്പർ വാങ്ങിയിരുന്നു. ഇനി ഇതല്ല കല്യാണമെങ്കിൽ വിളിച്ചാൽ മതി, അയാൾ പുറത്തുണ്ടെന്ന് പറഞ്ഞു. ഏകദേശം 15 കിലോമീറ്ററിനും, അര മണിക്കൂറിന് മുകളിൽ വെയിറ്റ് ടൈമിനും, ഏതാനും ഫോൺകോളുകൾക്കും, അഡ്വഞ്ചറിനും ചേർത്ത് അയാൾ 300 രൂപ വാങ്ങി.

യാത്രയ്ക്ക് ഇടയിൽ അയാൾ പറഞ്ഞിരുന്നു: നിങ്ങളെ കണ്ടപ്പോ എനിക്ക് തോന്നി വഴി പെശകി നിക്കുവാന്ന്. അദ്ദാണ് ഞാൻ നിർത്തിയത്. ഞായറാഴ്ച്ചയല്ലേ, തൃശൂരെ നമ്മടെ ആൾക്കാര് (ഓട്ടോറിക്ഷ ഡ്രൈവർമാർ) വിശ്വസിക്കാൻ പറ്റില്ല. നല്ലാ പൈസ വാങ്ങും. സ്ഥലം അറിയാത്ത ആളാണെങ്കീ... അങ്ങനെ തിരിയണ്ടല്ലോന്ന് കരുതിയാണ് ഞാൻ കൂടെ വന്നത്.

**

അമ്പലത്തിൽ നിന്ന് 2 കിലോമീറ്റർ മാത്രം ദൂരെയാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നാണ് ​ഗൂ​ഗ്ൾ മാപ്പിൽ കണ്ടത്. ഉച്ചയ്ക്ക് 2.30-ന് തൃശ്ശൂരിലൂടെ നടക്കാനുള്ള തീരുമാനം നല്ലതല്ലെന്ന് തോന്നിയെങ്കിലും വകവെച്ചില്ല. ഒരുപാട് ദൂരെ ചെന്നപ്പോൾ വെയിലും മാലിന്യം നിറ‍ഞ്ഞ റോഡുകളും മാത്രമായി. ​ഗതികെട്ട് ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നടക്കാവുന്ന ദൂരമേയുള്ളൂ എന്ന് അയാൾ പറ‍ഞ്ഞു. പക്ഷേ, ഞാൻ നടക്കണ്ട. അയാൾ കൊണ്ടാക്കും. കാരണം?

"ഇവിടെയുള്ളത് അല്ലല്ലേ, എനിക്ക് തോന്നി. കുറെ നടന്നെന്ന് തോന്നുന്നു? എന്തിനാ ഈ വെയിലത്ത് നടന്നത്. ആളെ കണ്ടാൽ അറിയാം വശംകെട്ടല്ലോ?"

ഞാൻ അയാളെ തൃപ്തിപ്പെടുത്താൻ ഒരു നുണക്കഥ പറഞ്ഞു. എന്നെ പകുതിവഴി ഒരാൾ കൊണ്ടാക്കിയെന്നും വഴിമാറിയെന്നും, അങ്ങനെയൊരു കഥ.

അയാള് അത് വിശ്വസിച്ചു. എനിക്ക് 28 വയസ്സുണ്ടെന്ന് അയാൾ പ്രവചിച്ചു. അതിന് പകരം ചോറ്റാനിക്കര ഇടപ്പള്ളി കഴി‍ഞ്ഞാണെന്ന് ഞാൻ അയാളെ പഠിപ്പിച്ചു.

"അതേ, ഞങ്ങൾ തൃശ്ശൂരുകാരെപ്പറ്റി എറണാകുളത്ത് ഒക്കെ എന്താ അഭിപ്രായം?"

"എനിക്ക് നല്ല അഭിപ്രായം ആണ്"

"അങ്ങനെയല്ല, ഞങ്ങടെ ഈ പൂരവും ആഘോഷവും ഒക്കെ അവിടെ എല്ലാവർക്കും അറിയാമോ?"

"ഉവ്വല്ലോ!"

അയാൾക്ക് സന്തോഷമായി.

"അപ്പോ ഇപ്പോ എറണാകുളത്തേക്ക് പോകുവാ?"

"അതേ,"

"അയ്യോ, ഇന്ന് ഇവിടെ നിക്കാൻ പാടില്ലായിരുന്നോ? ഇന്നാ പുലിക്കളി. രസായിരുന്നു"

**

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തുമ്പോൾ അവസ്ഥ ഭീകരമാണ്. നാടുവിട്ടുപോകാൻ പോകുന്ന അത്രയും ജനം. ഞാൻ മനസ്സിൽ ഓർത്തു: അവിട്ടമാണ്, ഓണാഘോഷം തീരുന്ന ദിവസം. ഞായറാണ്. അതായത് നാളെ തിങ്കൾ. ആഘോഷങ്ങൾക്ക് ശേഷം ന​ഗരങ്ങളിലേക്ക് മനുഷ്യർ തിരികെപ്പോകുകയാണ്. കൊട്ടാരക്കര, തിരുവല്ല, കോട്ടയം, എറണാകുളം ബസ്സിൽ നിൽക്കാൻ പോലും ഇടമില്ല. ഒഴിഞ്ഞ സീറ്റുകളുള്ള ബസ്സുകൾ വരാത്തത് കൊണ്ട് വൈറ്റില മൊബിലിറ്റി ഹബ്ബിൽ മണിക്കൂറുകളോളം കാത്തിരിക്കുന്ന എന്നെ ഞാൻ ഓർത്തു. റോഡ് ക്രോസ് ചെയ്യാൻ മടിയായത് കൊണ്ട് മഹാരാജാസ് കോളേജിന് മുന്നിലറങ്ങി അടുത്ത ബസ്സിൽ കലൂരിലേക്ക് പോകുന്ന എന്നെ ഞാൻ ഓർത്തു.

Somewhere in the National Highway connecting Thrissur and Kochi

ബസ്സുകളെ പൊതിയുന്ന മനുഷ്യരെ ഉപേക്ഷിച്ച് ഞാൻ മെയിൻ റോഡിലേക്ക് ഇറങ്ങി. അവിടെ ഒരു എച്ച്.ഡി.എഫ്.സി എ.ടി.എം കണ്ടുപിടിച്ച് കിളിമീൻ നിറമുള്ള നോട്ടുകൾ പിൻവലിച്ചു. ഒരു ഊബർ ഇന്റർസിറ്റി വിളിച്ചു. ഇടപ്പള്ളി മെട്രോ സ്റ്റേഷൻ ലൊക്കേഷനിട്ടു. ഒരു വെളുത്ത മാരുതി ഓൾട്ടോയാണ് വന്നത്. അതിൽ സ്വയം ശപിച്ച് ഞാൻ കാറിൽ കയറി. ഇടപ്പള്ളിയാകുമ്പോൾ എന്ന ഉണർത്തണമെന്ന് തമാശ പറഞ്ഞു. തൃശ്ശൂരിന്റെ ​ഗുരുത്വാകർഷണം ഉപേക്ഷിക്കാൻ കുതിക്കുന്ന ഒരു വസ്തുവിനെപ്പോലെ സ്വരാജ് റൗണ്ട് എന്ന ഭ്രമണപഥത്തെച്ചുറ്റി കാർ 'എസ്കേപ് വെലോസിറ്റി' കൈവരിച്ചപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവർ ബാബുവേട്ടന്റെ ഫോൺ വന്നു.

"മോനെ, കല്യാണം നന്നായില്ലേ? എറണാകുളത്തേക്ക് പോയോ? എല്ലാം ഒ.കെ അല്ലേ?"

[Unedited]

Write a comment ...

Abhijith VM

Content Writer at Asianet News (Digital Sales.) Hibernating Journalist. Previously: Times Internet, Mathrubhumi. Bi-lingual. Opinions strictly personal.