കമ്പം: മുന്തിരിത്തോപ്പുകളും മനുഷ്യരും

മുന്തിരി ഉണ്ടാകുന്നത് തണുപ്പുള്ള കാലാവസ്ഥയിലാണെന്ന എന്റെ ധാരണ തെറ്റിയത് തമിഴ്നാട്ടിലെ കമ്പം കാണാനിറങ്ങിയപ്പോഴാണ്. മൂന്ന് വശത്തും പശ്ചിമഘട്ടം കെട്ടിയ വലിയൊരു മതിലിന് നടുവിൽ വേവിക്കാൻ വെച്ചിരിക്കുകയാണ് ഈ മാർച്ച് മാസം കമ്പം പട്ടണത്തെ.

കമ്പം റോഡിൽ ഒരിടത്ത്.

വേനലിവിടെ ദുരിതമാണ്. സമതലം നിറമില്ലാതെ കിടക്കുന്നു. ഒരു പ്രേത സിനിമയിലെ നായികയെ കുരുക്കുന്ന മുയൽക്കെണിപോലെ റോഡിൽ ദൂരെ കെട്ടിക്കിടക്കുന്ന ജലം. വെയിൽ ഇടക്കിടെ സാത്താൻ ഊതി ചൂടുപിടിപ്പിക്കുന്നു. കുമളിയിൽ നിന്ന് ചുരമിറങ്ങി അവശേഷിക്കുന്ന പച്ചപ്പ് പിന്നിട്ട് കമ്പത്ത് എത്തിയാൽ പ്രകൃതിയും മനുഷ്യരും മാറുകയാണ്.

കുമളിയിൽ നിന്ന് ചുരം ഇറങ്ങുമ്പോൾ, ദൂരെ തേനി ജില്ല

കണ്ണ് എത്താത്ത ദൂരമത്രയും കൃഷി സ്ഥലങ്ങൾ, ഇടയ്ക്കിടെ മാത്രം പ്രത്യക്ഷപ്പെടുന്ന ടി.വി.എസ് ഹെവിഡ്യൂട്ടി സ്കൂട്ടറുകൾ, കത്തുന്ന വെയിലിൽ ഉരുകുന്ന ഒരു വാൻ​ഗോ​ഗ് പെയിന്റിങ്ങ് പോലെ കൃഷിയിടങ്ങളിൽ നിന്ന് എത്തിനോക്കുന്ന കറുത്ത നിറമുള്ള മനുഷ്യർ. ഒരു ബൈബിൾ കഥപോലെ ഒരു സമുദ്രത്തെ ഇവിടെ നിന്നും പ്രകൃതി മറ്റെങ്ങോട്ടോ ഒഴുക്കിമാറ്റി. ശിക്ഷിക്കപ്പെട്ട ജനതയായി ഇവർ മാറി. ഇവിടെ വെള്ളമുണ്ടാകരുതേയെന്ന് ഒരു ശാപം.

മുല്ലപ്പെരിയാറിൽ നിന്ന് തേനി ജില്ലയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പുകൾ

പക്ഷേ, തകർന്ന് വീഴുന്നതെല്ലാം പെറുക്കി വീണ്ടും ജീവിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ നൈസർ​ഗികമായ വാസന, ശാപങ്ങളോട് പ്രതിഷേധങ്ങളില്ലാതെ പൊരുതുന്ന സിസിഫസിനെപ്പോലെയാണ്. അവർ വീണ്ടും കല്ലുരുട്ടുകയാണ്. മുല്ലപ്പെരിയാറിൽ നിന്ന് വരുന്ന വെള്ളം കൊണ്ട് അവർ വിത്തുകൾ മുളപ്പിക്കുന്നു. വാഴ, വെണ്ട, സവാള, വാളൻപുളി, പയർ, പടവലം, മുളക്, തെങ്ങ്, മാവ്, കോവൽ, എന്നിങ്ങനെ കുമളിയിലേക്ക് ചുരംകേറാനുള്ള പച്ചക്കറികളെല്ലാം ഇവിടെയാണ് കൃഷി ചെയ്യുന്നത്.

കമ്പം വെട്ടുകാട്ട് പ്രദേശത്തെ പച്ചക്കറി കൃഷി.

കമ്പത്തെ വെട്ടുകാട് എന്ന പ്രദേശത്തേക്ക് എത്തിയാൽ കൃഷിസ്ഥലങ്ങൾ കാണാം. ഓരോ ഇഞ്ച് മണ്ണിലും അവർ വിത്തിടുകയാണ്. അവരുടെ ജീവിതത്തിനൊന്നും നിറമില്ല. പാടങ്ങളിൽ എവിടെയും പാട്ടുകളില്ല. അതായിരിക്കണം പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുമ്പോൾ തമിഴർ ഉച്ചത്തിൽ സംസാരിക്കുന്നത്, സ്ത്രീകൾ ഞെട്ടിക്കുന്ന നിറമുള്ള പട്ടുസാരികൾ ഉടുക്കുന്നത്, ദൈവങ്ങൾ‌ക്ക് രക്തത്തിന്റെ നിറമുള്ള ഉടയാടകളുള്ളത്. നിങ്ങളുടെ ജീവിതങ്ങളിൽ പലയിടങ്ങളിലും നിങ്ങൾ ഒറ്റപ്പെട്ടവരും ഒച്ചയില്ലാത്തവരും ആണെങ്കിലും രഹസ്യമായി മറ്റൊരു വേദിയിൽ എങ്കിലും നിങ്ങൾ ആഘോഷിക്കുന്നുണ്ടാകും. അത്തരം തുരുത്തുകളില്ലാതെ വരുന്നതാണ് നിങ്ങളിൽ പലരും ആത്മഹത്യ ചെയ്യാൻപോലും കാരണം.

വിശാലമായ തമിഴ് സമതലപ്രദേശം. മേഘമല ചുരത്തിലെ ഹെയർപിൻ വളവിൽ നിന്ന് കാണുന്നത്.

ദേശീയപാത 183 കമ്പത്തെ മുറിച്ചാണ് കടന്നുപോകുന്നത്. കേരളത്തിലെങ്ങും പ്രതീക്ഷിക്കാനാകാത്ത അത്രയും വലിയ റോഡ്. കുണ്ടും കുഴികളുമില്ല, രണ്ട് വശങ്ങളിലും വീടുകളുമില്ല. ഇടയ്ക്കിടെ ദിശാബോർ‌ഡുകൾ മാത്രം കാണുന്നു.

നിറമില്ലാത്ത വീടുകൾ.

വിശാലമാണ് സമതലം, ഇവിടെ സർക്കാർ റോഡ് പണിയാൻ തീരുമാനിച്ചാൽ സ്ഥലമേറ്റെടുക്കാൻ ആരോടും സംസാരിക്കേണ്ടത് പോലുമില്ലെന്നാണ് ജേണലിസ്റ്റ് സുഹൃത്ത് സന്ദീപ് തോമസ് പറയുന്നത്. വീടുകൾ ചതുരത്തിലാണ്, സൺഷെയ്ഡ് ഇല്ല. കൂടുതലും വീടുകൾക്ക് ടോയ്ലെറ്റുമില്ല. ഇട റോഡുകളിൽ കാല് കുത്താൻ നേരം സൂക്ഷിക്കണമെന്ന് ഒരു ഉപദേശം കൂടെ കിട്ടുന്നു.

എന്തുകൊണ്ട് മട്ടൻ ബിരിയാണി തമിഴ് നാട്ടിൽ പോപ്പുലർ ആയി എന്നതിന് ഉത്തരം.

ദേശീയപാത ജോർജ് മില്ലറുടെ മാഡ് മാക്സ് ഓർമ്മിപ്പിക്കുന്നു. കാറിനെ ഓവർടേക്ക് ചെയ്തുപോകുന്ന ബൈക്കുകളിൽ ഒരാൾ പോലും ഹെൽമറ്റ് വച്ചിട്ടില്ല. ടൂവീലറുകളിൽ മൂന്ന് പേർ എന്നതാണ് ഇവിടുത്തെ അലിഖിതമായ നിയമം. ചില ടി.വി.എസ് ഹെവിഡ്യൂട്ടിയിൽ സൂക്ഷിച്ചുനോക്കിയാൽ ഡ്രൈവർക്കും ഹാൻഡിലിനുമിടയിൽ ഒരു അഞ്ചാറ് വയസ്സുവരെ പ്രായമായ ഒരു കുട്ടിയെക്കൂടെ കാണാം. സ്കൂളുകളാണ് കമ്പത്തെ പ്രധാനപ്പെട്ട ഒരു ബിസിനസ്. ഒരോ കിലോമീറ്റർ പിന്നിടുമ്പോഴും ഓരോ ഇന്റർനാഷണൽ സ്കൂളുകൾ കാണാം.

ദേശീയപാതയിൽ നിന്നുള്ള തിരിവുകൾ.

കൊവിഡ് കമ്പത്തേക്ക് എത്തിയിട്ടില്ല. ഒരിടത്തും മാസ്ക് വച്ച ആരെയും കാണാനില്ല. കേരളത്തിലെ വിചിത്രമായ മാസ്ക് നിയമങ്ങളിൽ നിന്ന് കമ്പത്ത് എത്തുന്ന മലയാളികളും പൂർണമായും മാസ്ക് ഉപേക്ഷിക്കും. കമ്പത്തെ കടകളെല്ലാം മലയാളികളെയാണ് ലക്ഷ്യമിടുന്നത്. മുന്തിരി മുതൽ കരിക്കിൻ വെള്ളം വരെ മലയാളി ടൂറിസ്റ്റുകളാണ് ഉപയോക്താക്കൾ.

മാഡ് മാക്സ്: തേനി റോഡ്

സ്വന്തം ഭാഷയെ എന്ത് വിലകൊടുത്തും പ്രതിരോധിക്കുന്ന തമിഴർ പക്ഷേ, എല്ലാ പരസ്യ ബോർഡുകളിലും മലയാളത്തെക്കൂടെ തിരുകി കയറ്റിയിട്ടുണ്ട്. പക്ഷേ, അത് മലയാളത്തിലെഴുതിയ തമിഴാണെന്ന് മാത്രം. കമ്പത്ത് നിന്ന് 40 കിലോമീറ്റർ അകലെ മേഘമലയിലെ ഒരേയൊരു ചായക്കട - ഹോട്ടലിന്റെ ഭിത്തിയിലെ ഒരു വാചകം ഭക്ഷണം കഴിഞ്ഞ് വാഴയില എന്ത് ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നു:

"ഇളൈ ഇവിടേ ഇടുകാ"

ഇല ഇവിടെ ഇടുക.

കമ്പത്ത് എത്തിയാൽ ഭക്ഷണം കഴിക്കാൻ പോകേണ്ടത് ഉത്തമപാളയത്തെ സിം​ഗപ്പൂർ മെസ്സിലാണ്. വാഴയിലയിൽ മട്ടൻ ബിരിയാണി ഓർഡർ ചെയ്യുക. മലയാളിയാണെന്ന് അറിഞ്ഞാൽ വെയ്റ്റർ അടുത്ത് വരും. ഇനിയെന്തെങ്കിലും വേണോ എന്ന് ചോദിച്ചുകൊണ്ടിരിക്കും. പെപ്സിയുണ്ടോ എന്ന് ചോദിച്ചാൽ, പെപ്സിയില്ല, പക്ഷേ, ലോസ് ആഞ്ചലിസിൽ പോയിട്ടാണെങ്കിലും സാറിന് വേണമെങ്കിൽ വാങ്ങിവരാം എന്ന് മറുപടി പറയും. ഈ വേഷമെല്ലാം നല്ല സർവീസിന് നിങ്ങൾ കൊടുക്കുന്ന ടിപ്പിന് വേണ്ടിയാണ്.

സിംഗപ്പൂർ മെസ്സിലെ മട്ടൻ ബിരിയാണി.

ഒരിക്കലും നിശ്ചലമാക്കാത്ത ഒരു അടുക്കളയുള്ള, നിലയ്ക്കാത്ത അതിഥികളുടെ ഒഴുക്കുള്ള ഒരു റസ്റ്റോറന്റിൽ ദിവസം മുഴുവൻ ജീവിക്കുന്ന ഒരാളെ എന്തിനോടാണ് താരതമ്യപ്പെടുത്തുക? കൊച്ചിയിലെ എട്ട് നിലകളെങ്കിലുമുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്ന ഒരു സ്ത്രീയെ ഞാൻ ഒരിക്കൽ പരിചയപ്പെട്ടിരുന്നു. അവരുടെ ജോലി അതാണ്. എട്ട് മണിക്കൂർ ഒരു ഇരുമ്പ് സ്റ്റൂളിൽ ശവക്കുഴിയോളം മാത്രം വലിപ്പമുള്ള ഒരു ലിഫ്റ്റിൽ കയറിയിറങ്ങിപ്പോകുന്ന മനുഷ്യരുടെ ​ഗന്ധം സഹിച്ച് മാസ ശമ്പളം കാത്തിരിക്കുക.

കമ്പത്തെ മുന്തിരിത്തോട്ടം. ടൂറിസ്റ്റുകൾക്ക് വേണ്ടി മാത്രം വേർതിരിച്ച പന്തൽ

കമ്പത്തെ ചന്തകളിൽ പ്ലാസ്റ്റിക് ബ്യാ​ഗുകളില്ല. പ്ലാസ്റ്റിക് ഒഴിവാക്കാൻ തമിഴ്നാട് സർക്കാർ പഴയ മഞ്ഞ സഞ്ചി തിരികെ കൊണ്ടുവന്നിരുന്നു. ആളുകൾ അത് സ്വീകരിക്കാൻ നിർബന്ധിതരാകുകയാണ്. തമിഴ്നാട്ടിൽ എന്തും നടപ്പാക്കാൻ എളുപ്പമാണെന്ന് ഒരിക്കൽക്കൂടെ സന്ദീപ് ഓർമ്മിപ്പിക്കുകയാണ്. കമ്പത്തെ ചന്തയിൽ മലയാളികൾ നിറയുന്നു. മമ്മൂട്ടിയുടെയും രജനികാന്തിന്റെയും മുഖം വരച്ച എം.ആർ എന്ന ചായക്കടയിൽ നിന്ന് ഇറങ്ങിയവർ ആദായവിലയ്ക്ക് പച്ചക്കറി വാങ്ങാൻ മത്സരിക്കുകയാണ്.

പാകമാകുന്ന മുന്തിരികൾ. കമ്പത്തെ മുന്തിരിത്തോപ്പിൽ നിന്നും.

സെറ്റ്സാരിയുടുത്ത ഒരു മലയാളി സ്ത്രീ, അവരുടെ പ്രായത്തിന്റെ വിവശതകൾ മറന്ന് കുട്ടയിലേക്ക് സവാള വാരിയിടുകയാണ്. അത് അവസാനിച്ചപ്പോൾ അവർ ഇടത്തേക്ക് തിരിഞ്ഞു. നിറം മങ്ങിയ ഒരു സാരിയുടുത്ത് നിലത്ത് ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് തക്കാളി വിൽക്കുന്ന തമിഴ് സ്ത്രീ.

"തക്കാളി കിലോ പത്ത്"

തമിഴത്തി പറഞ്ഞ് മുഴുമിപ്പിക്കും മുൻപേ, സാരിത്തുമ്പ് വട്ടം വരിഞ്ഞുകെട്ടി, ഒരു കുട്ടയുമായി അവർ തക്കാളിക്കൂമ്പാരത്തിലേക്ക് ചാടിവീണു.

കമ്പത്തെ മുന്തിരിത്തോപ്പിൽ നിന്ന്.

കമ്പത്ത് നിന്ന് തിരികെപ്പോരുമ്പോൾ അതിർത്തിയിൽ തമിഴ്നാട് പോലീസ് തടഞ്ഞു. ഒരു ചെറുപ്പക്കാരനായ പോലീസുകാരൻ. തൊപ്പിവെച്ചിട്ടില്ല, മാസ്കുമില്ല. അയാൾ കാറിനുള്ളിലേക്ക് പാളിനോക്കി. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നറിയണം. കൊവിഡ് കാരണം ബ്രത് അനലൈസർ നിരോധിച്ചിരിക്കുകയാണ്.

മേഘമലയ്ക്ക് അടുത്ത്.

പോലീസുകാരൻ ഒരു നിമിഷം ആലോചിച്ചു. അയാളുടെ മുഖം ഡ്രൈവറുടെ തലയ്ക്ക് അരികിലേക്ക് കൊണ്ടുവന്നു. ആ നിമിഷം അയാളുടെ ബുദ്ധി കൊട്ടാരക്കര - ഡിണ്ടി​ഗൽ റോഡിൽ ഫുൾസ്പീഡിൽ അയാളില്ലാതെ ഓടുകയാണെന്ന് വേണം നമ്മൾ അനുമാനിക്കാൻ. വളരെ ചിന്തിച്ച് പോലീസുകാരൻ പറഞ്ഞു,

" എന്റെ മുഖത്തേക്ക് ഊതൂ!"

ഡ്രൈവർ ഊതി. ആ പോലീസുകാരന് തമിഴ്നാട് സർക്കാർ ധീരതയ്ക്കുള്ള അവാർഡ് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

-ends-

Write a comment ...

Abhijith VM

Content Writer at Asianet News (Digital Sales.) Hibernating Journalist. Previously: Times Internet, Mathrubhumi. Bi-lingual. Opinions strictly personal.