Tokyo Story: Yasujirō Ozu

ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മാസിക സൈറ്റ് ആൻഡ് സൗണ്ട് 2012ൽ എക്കാലത്തെയും മികച്ച സിനിമയായി തെരഞ്ഞെടുത്തത് വിഖ്യാത ജാപ്പനീസ് സംവിധായകൻ യാസുജിരോ ഒസു (Yasujirō Ozu) വിന്റെ ടോക്യോ സ്റ്റോറി (Tokyo Story, 1953) ആണ്.

എല്ലാവരും വാഴ്ത്തുന്ന ഒരു സിനിമയെ ആദ്യമായി സമീപിക്കുമ്പോൾ അത് എത്രമാത്രം നല്ലതാണെന്നോ എത്രത്തോളം മോശമായെന്നോ അഭിപ്രായം പറയുന്നതിൽ പക്ഷപാതം കടന്നുവരുന്നു. അടിസ്ഥാനപരമായി മനുഷ്യബന്ധങ്ങളാണ് ഒസുവിന്റെ വിഷയം.

ഒ.വി വിജയൻ ആണ് നല്ലൊരു ഉദാഹരണം. കർമ്മബന്ധങ്ങളുടെ സ്നേഹരഹിതമായ കഥകളാണ് ഒസുവിന്റെ കഥാപാത്രങ്ങൾ ജീവിക്കുന്നത്.

സ്നേഹവും കരുതലും ഏറിയുംകുറഞ്ഞും എല്ലാവരെയും പോലെ ഒസുവിന്റെ കഥാപാത്രങ്ങളിലുമുണ്ട്. പക്ഷേ, അവർക്കെല്ലാം അവർ ഈ ലോകത്ത് സ്വയം ഒറ്റയ്ക്ക് ആണെന്ന ബോധ്യവുമുണ്ട്.

ജപ്പാനിലെ ഒരു വിദൂര ​ഗ്രാമത്തിൽ നിന്ന് ടോക്യോ ന​ഗരത്തിൽ ജീവിക്കുന്ന മക്കളെ കാണാൻ എത്തുന്ന അച്ഛനും അമ്മയുമാണ് ടോക്യോ സ്റ്റോറിയുടെ കേന്ദ്ര കഥാപാത്രങ്ങൾ.

ഒരു മകൻ ടോക്യോയിലെ ഒരു ചെറിയ തെരുവിൽ ഡോക്ടറാണ്. മറ്റൊരു മകൾ സ്വന്തം വീട്ടിൽ ഒരു ബ്യൂട്ടിപാർലർ നടത്തുന്നു. ഒരു മകൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അയാളുടെ വിധവ (അവൾ സുന്ദരിയും ചെറുപ്പക്കാരിയുമാണ്) വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. മറ്റൊരു മകൻ ടോക്യോയ്ക്ക് പുറത്താണ്.

ടോക്യോയിൽ എത്തുന്ന അച്ഛനും അമ്മയും അധികം വൈകാതെ തിരികെ പോകാൻ തീരുമാനിക്കുന്നു. തങ്ങൾക്ക് വേണ്ടി സമയം കണ്ടെത്താൻ മക്കൾക്ക് കഴിയുന്നില്ലെന്നും ന​ഗരം ചെറുപ്പക്കാരുടെ, ആഘോഷങ്ങളുടെ ഇടമാണെന്നും അവർ തിരിച്ചറിയുന്നു.

പക്ഷേ, വളരെ പക്വമാണ് ഈ തിരിച്ചറിവ്. ആരും ഒരു സീനിലും പൊട്ടിത്തെറിക്കുന്നില്ല, കരയുന്നില്ല, പഴിചാരുന്നില്ല. ഒരു ധ്യാനത്തിന്റെ ശാന്തതയുണ്ട് സിനിമയിൽ എല്ലായിടത്തും.

മക്കളെല്ലാം വലിയ നിലയിലാണെന്ന ബോധ്യത്തോടെയാണ് അച്ഛനും അമ്മയും ടോക്യോയിൽ എത്തുന്നത്. പക്ഷേ, അവർ ആ​ഗ്രഹിച്ച ഉയരത്തിലല്ല ആരും എന്നത് അവർ പതിയെ മനസിലാക്കുന്നുമുണ്ട്.

പഴയകാല സുഹൃത്തിനൊപ്പം മദ്യപിക്കുമ്പോൾ ജീവിതത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ച്ചപ്പാട് അച്ഛൻ തലയാട്ടി സമ്മതിക്കുന്നു. "മക്കളെ നഷ്ടപ്പെടുന്നത് വലിയ വേദനയാണ്, പക്ഷേ, അവർക്കൊപ്പം ജീവിക്കുന്നതും അത്ര എളുപ്പമല്ല".

"വിവാഹം കഴിഞ്ഞ പെൺമക്കൾ അപരിചിതരപ്പോലെയാണ്" -- അതേ സംഭാഷണത്തിൽ മറ്റൊരിടത്ത് അയാൾ പറയുന്നു.

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം മാറിയ ജാപ്പനീസ് ജീവിത സാഹചര്യങ്ങളാണ് ഒസു മിക്കപ്പോഴും സിനിമയിൽ പ്രതിഫലിപ്പിക്കുന്നത്. സിനിമയിൽ അൽപ്പമെങ്കിലും റിബലുകളായി പെരുമാറുന്നത് പുതിയ തലമുറയാണ്. ഡോക്ടറുടെ കൗമാരം എത്താത്ത രണ്ട് ആൺമക്കളും, വൃദ്ധ ദമ്പതികളുടെ ഒപ്പം നാട്ടിൽ കഴിയുന്ന ഇളയ മകളുമാണ് പ്രതിഷേധസ്വരത്തിൽ സംസാരിക്കുന്നത്.

ടോക്യോയിൽ നിന്ന് തിരികെ വന്ന് അധികം വൈകാതെ വൃദ്ധന്റെ ഭാര്യ മരിക്കുന്നു. സ്വന്തം ജോലികൾ മാറ്റിവെക്കുന്നതിന്റെ സമ്മർദ്ദം നിലനിൽക്കെ തന്നെ മക്കളെല്ലാം അമ്മയുടെ മൃതദേഹം കാണാൻ നാട്ടിലേക്ക് തിരിക്കുന്നു. മരണത്തിന്റെ കൗതുകം അവസാനിക്കുമ്പോൾ അമ്മ ധരിച്ചിരുന്ന കിമോണോ താൻ കൊണ്ടുപോകുമെന്നാണ് മൂത്ത മകൾ പ്രഖ്യാപിക്കുന്നത്.

ആരും പ്രതിഷേധിക്കുകയോ അടക്കം പറയുകയോ ചെയ്യാത്ത ഈ തീരുമാനം പിന്നീട് ചോദ്യം ചെയ്യുന്നത് വൃദ്ധന്റെ ഇളയമകൾ ക്യോകോയാണ് . യുദ്ധത്തിൽ കൊല്ലപ്പെട്ട സഹോദരന്റെ ഭാര്യ നൊറീകോയോട് അവൾ പറയുന്നു.

"അവർ സ്വാർഥരാണ്. അമ്മ മരിച്ച ഉടനെ അമ്മയുടെ വസ്ത്രങ്ങൾ ആവശ്യപ്പെടുക, അമ്മയെ ഓർത്ത് എനിക്ക് സങ്കടംതോന്നി. അപരിചിതർ പോലും കുറച്ചുകൂടെ മാന്യമായി പെരുമാറിയേനേ."

ഇതിന് നൊറീകോ നൽകുന്ന ഉത്തരം, ഒസുവിന്റെ തന്നെ ജീവിത വീക്ഷണമാണ്.

"നോക്കൂ, നിന്റെ പ്രായത്തിൽ ഞാനും ഇങ്ങനെയെ ചിന്തിക്കൂ. പക്ഷേ, മക്കൾ രക്ഷിതാക്കളിൽ നിന്ന് അകന്ന് പോകും. ഒരു സ്ത്രീക്ക് അവളുടെ സ്വന്തം ജീവിതമുണ്ട്, അച്ഛന്റെയും അമ്മയുടെയും അടുപ്പമില്ലാത്ത ഒരു ജീവിതം. ...അവർക്ക് അവരുടെ ജീവിതം പരിപാലിച്ചേ പറ്റൂ,"

"അപ്പോൾ ജീവിതം ദുഖമാണല്ലേ?" ക്യോകോ തിരിച്ചു ചോ​ദിക്കുന്നു.

"അതേ" - സന്ദേഹങ്ങളില്ലാതെ നൊറീകോ മറുപടി നൽകുന്നു.

സ്ഥായിയായ ദു:ഖത്തെക്കുറിച്ച് പറയാൻ നൊറീകോയോളം ശക്തരായ കഥാപാത്രങ്ങൾ ആരും തന്നെയില്ല. അവൾ ചെറുപ്പത്തിലെ വിവാഹം കഴിച്ചു. ഭർത്താവ് അവളരെ ദു:ഖിപ്പിച്ചിരുന്നു. അയാൾ സൈന്യത്തിൽ ചേർന്നു, യുദ്ധത്തിൽ കൊല്ലപ്പെട്ടു. അവൾ അവനെ കാത്തിരിക്കുന്നില്ല എങ്കിലും പുനർവിവാഹം കഴിക്കുന്നില്ല. ചെറിയ ജോലിയിൽ അവൾ ടോക്യോയിൽ കഴിയുന്നു. അയൽക്കാരിൽ നിന്ന് പലതും കടംവാങ്ങുന്നു. പക്ഷേ, രക്തബന്ധത്തിലുള്ള മക്കളെക്കാൾ ഭർത്താവിന്റെ അച്ഛനെയും അമ്മയെയും സ്വീകരിക്കുകയും പരി​ഗണിക്കുകയും ചെയ്യുന്നതും നൊറീകോയാണ്.

ഒസുവിന്റെ ലോകം വളരെ പതിയെയാണ് നീങ്ങുന്നത്. ഏതാണ്ട് ജീവിതത്തിനുള്ള അതേ വേ​ഗമേ സിനിമയ്ക്കും ഉള്ളൂ. നിലത്ത് പായവിരിച്ച് കുഷ്യൻ ഇട്ട് മുട്ടുകുത്തിയിരിക്കുന്ന ജാപ്പനീസ് സമ്പ്രദായത്തിന് അനുസരിച്ചാണ് ക്യാമറ നീങ്ങുന്നത്. പലപ്പോഴും ക്യാമറ ചലിക്കുന്നതേയില്ല. ക്രോസ് കട്ട് ഷോട്ടുകൾ തീരെയില്ല. നീണ്ട ഒരു ട്രെയിൻ യാത്രയാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും നൊസ്റ്റാൾജിയയും ഓർമ്മകളുടെ ശരംപെയ്ത്തും ഉള്ള തീവണ്ടിയെ ഒരിടത്തും ഒസു ആശ്രയിക്കുന്നില്ല. സിനിമയുടെ ഒരു ഘട്ടത്തിലും പ്രധാനപ്പെട്ട കോൺഫ്ലിക്റ്റ് നിമിഷങ്ങൾ പ്രേക്ഷകർ കാണുന്നില്ല. എല്ലാം കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ മാത്രമേ നമുക്ക് മനസിലാകുന്നുള്ളൂ.

-ends-

Write a comment ...

Abhijith VM

Content Writer at Asianet News (Digital Sales.) Hibernating Journalist. Previously: Times Internet, Mathrubhumi. Bi-lingual. Opinions strictly personal.