Novel Review: ചട്ടമ്പിശാസ്ത്രം

നോവൽ റിവ്യൂ: ചട്ടമ്പിശാസ്ത്രം - കിം​ഗ് ജോൺസ് (പ്രസാധകർ: ഡി.സി ബുക്സ്, 2021)

*സ്പോയിലർ പ്രളയം*

കിം​ഗ് ജോൺസിന്റെ നോവൽ ചട്ടമ്പിശാസ്ത്രം, ഉ​ഗ്രനരസിം​ഹം എന്ന ഉരു എന്ന ഒരു നോവലും അതേക്കുറിച്ചുള്ള പഠനവുമാണ്. നോവലിനുള്ളിൽ മറ്റൊരു നോവൽ തിരുകുന്ന എഴുത്തുവിദ്യ അടുത്തിടെ രണ്ടാം തവണയാണ് ഞാൻ കാണുന്നത്. സോണിയ റഫീക്ക് എഴുതിയ പെൺകുട്ടികളുടെ വീട് ആണ് ആദ്യത്തെ നോവൽ.

ഉ​ഗ്രനരസിം​ഹം എന്ന ഉരു അതിശയോക്തിയും നർമ്മവും കൊണ്ട് വളരെ നല്ലൊരു നോവലാണ്. പക്ഷേ, അതിന്റെ പഠനം ചട്ടമ്പിശാസ്ത്രം ഒരു സ്കീസോഫ്രീനിയ രോ​ഗിയുടെ ചിന്തകളെപ്പോലെ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതും. ഈ ചുരുളഴിക്കാൻ കഥാപാത്രങ്ങളെ തന്നെയാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി കഥകൾ, മാറ്റിപ്പറച്ചിലുകൾ, ഒടുവിൽ മനസ്സിനെ അപഗ്രഥിക്കുന്ന ഒരാളിലൂടെ മറ്റൊരു യാഥാർഥ്യം.

എഴുത്തിന്റെ ശൈലി മാറ്റുന്നതിലാണ് മലയാളത്തിലെ പുതിയ നോവലിസ്റ്റുകളുടെ ശ്രമം. കഥാപാത്രങ്ങളെല്ലാം അന്വേഷണത്തിന്റെ പടവുകളിലാണ്. സ്ഥിരം ചെയ്യുന്ന ജോലികളെല്ലാം മാറ്റിവച്ച് പൊരുൾതേടി നോവലിൽ ഒരു പകുതിയെത്തുമ്പോൾ എല്ലാവരും ഇറങ്ങും. ഡയറിക്കുറിപ്പുകൾ, നോട്ടുപുസ്തകങ്ങൾ, അനാവരണം ചെയ്യാൻ കാത്തിരിക്കുന്ന രഹസ്യങ്ങൾ. മടിയന്മാർ ഒരു ഉദ്ധരണിയോടെ വാർത്ത എഴുതിത്തുടങ്ങും എന്ന് ജേണലിസം ക്ലാസ്സ്മുറിയിൽ കേട്ടത് ഓർക്കുന്നു.

അടരുകളായി അടുക്കിയ, ട്വിസ്റ്റുകളെ വിളക്കിച്ചേർത്ത നോവലുകൾ വായനക്കാരെ കൃത്യമായി ആ കുഴിയിൽ ചാടിക്കണം. കുഴിയുണ്ടെന്ന് മുൻപേ അറിഞ്ഞാൽ പിന്നെ വായനക്കാർ ആ വഴി വരുമോ? ചട്ടമ്പിശാസ്ത്രത്തിലെ പല ട്വിസ്റ്റുകളും ഞാൻ മുൻപേ പിടിച്ചെടുത്തു. പട്ടാണി അസീസിന്റെ മട്ടുംമാതിരിയും കണ്ടപ്പോൾ തന്നെ അയാൾ പദ്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ (1981) ആണെന്ന് എനിക്ക് അറിയാമായിരുന്നു. സുഭദ്രയെ ഉരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന അതേ കഥാസന്ദ‍ർഭത്തിൽ തന്നെ നോവലിലെ യഥാർഥ കമിതാക്കൾ ആരെന്നും എനിക്ക് അറിയാമായിരുന്നു. ഞാൻ പക്ഷേ, കാത്തിരുന്നു, "ജനങ്ങൾ കാഴ്ച്ചക്കാരല്ല കാവൽക്കാരാണെ"ന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോർഡ് പോലെ.

*

വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്താണ് ഉ​ഗ്രനരസിം​ഗം എന്ന ഉരു എന്ന നോവലിന്റെത്. ചരിത്രത്തിന്റെയും കെട്ടുകഥകളുടെയും അകമ്പടിയോടെ കഥ പറയുന്ന കിം​ഗ് ജോൺസിന്റെ ശൈലി വായനക്കാരെ എളുപ്പം പിടിച്ചിരുത്തും.

ചങ്ങനാശ്ശേരിയിൽ ഒരു ദിവസം പട്ടാണി അസീസ് 'വന്നടിയുകയായിരുന്നു'. ചങ്ങനാശേരിയുടെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച 'മഹാ ചട്ടമ്പി' സ്ത്രീകളെ വിവശരാക്കി, പുരുഷന്മാരെ നിർവീര്യരും. അസീസിനെപ്പോലെ മുണ്ടുടുക്കാനും പല്ലുതേക്കാനും മീശപിരിക്കാനും സ്ത്രീകൾ പുരുഷന്മാരെ നിർബന്ധിച്ചു.

പഠാണി മുസ്ലീം ആയ അസീസ്, അമാനുഷികനാണ് എന്ന് ചങ്ങനാശേരിക്കാർ മുഴുവൻ കരുതി. രക്ഷകനെ കാത്തിരിക്കുന്ന അടിമകളായ ജനതയുടെ സ്ഥിരം ചാപല്യങ്ങളാണ് അസീസിനെപ്പോലെയുള്ളവരെ സൃഷ്ടിക്കുന്നതെന്നാണ് പലയിടങ്ങളിലായി കിം​ഗ് ജോൺസ് പറയുന്നത്. പട്ടാണി അസീസിനൊപ്പം നിൽക്കാൻ പോന്ന ഒരാളെ ആ കരയിൽ ഉണ്ടായിരുന്നുള്ളൂ. കമ്മ്യൂണിസ്റ്റ് നേതാവ് രാഘവന്റെ മകൾ സുഭദ്ര.

അസീസിനെപ്പോലെ ശരീരവും ധൈര്യവുമായിരുന്നു സുഭദ്രയുടെയും കൈമുതൽ. അസീസ് ആണായത് കൊണ്ടും ആൺകോയ്മയുടെ താക്കോൽസൂക്ഷിപ്പുകാർ സ്ത്രീകളായതുകൊണ്ടും അയാളുടെ സെക്സ് അപ്പീൽ ഒരു സ്വാഭാവികതയും ആഘോഷിക്കപ്പെടേണ്ട ഒന്നുമായി മാറി. അതേ സമയം സുഭദ്ര, പെൺകുലം മുടിക്കാൻ വന്നവളുമായി. അവൾ ചെയ്ത തെറ്റാകട്ടെ കൂടിവന്നാൽ വലിയൻവള്ളിമുലക്കച്ച വെള്ളത്തിൽ മുട്ടുമ്പോൾ മുലക്കണ്ണുകൾ കൊത്തിപ്പറിക്കാൻ പള്ളത്തികളെ അനുവദിച്ചു എന്നതും.

എങ്കിലും എല്ലാ നോവലുകളും ഒരുമ്പെട്ട് ഇറങ്ങുന്ന ആളുകളെക്കുറിച്ചാണ്. സ്ഥിരമായി ജോലിക്ക് പോകുകയും ശമ്പളം വാങ്ങുകയും സമ്മർദ്ദങ്ങൾ അറിയാതെ പോകുകയോ ജീവിതത്തിന്റെ ഭാ​ഗമാണെന്നോ കരുതുന്ന ആളുകളെക്കുറിച്ച് ആരും കഥകളെഴുതില്ല. അതെല്ലാം ഒരുപോലെ എന്നൊരു വാചകം കൊണ്ട് ആ മനുഷ്യരെല്ലാം ഒഴിവാക്കപ്പെടും. പട്ടാണി അസീസുമാരെയും സുഭദ്രമാരെയും പോലെ രൂപഭം​ഗിയും വീണ്ടുവിചാരമില്ലായ്മയും ആത്മസംഘർഷങ്ങളോട് പോയി പണിനോക്കാൻ പറയാനുള്ള സ്വഭാവസവിശേഷതയുമാണ് നമ്മൾ ആ​ഗ്രഹിക്കുന്നത്.

ഉദ്ദേശം ഒരു നാല് വർഷം മുൻപ് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് മുൻപിൽ കാറുകളിൽ വന്നിറങ്ങുന്നവരെ നോക്കി അധികം വെളുത്തിട്ടും കറുത്തിട്ടുമല്ലാത്ത ഒരു സുഹൃത്ത് എന്നോട് ചോദിച്ചു: കാശുള്ള വീട്ടിൽ ജനിക്കുന്നതും കാണാൻ കൊള്ളാവുന്ന കോലത്തിലാകുന്നതും തമ്മിൽ വലിയ ബന്ധമുണ്ട്.

*

"വമ്പൻ കുമിളകൾ ഉപരിതലത്തിൽ വന്നു പൊട്ടി. കരയിൽ നിന്നും കായലിലേക്ക് ചാഞ്ഞുനിന്ന അഞ്ചാറ് തെങ്ങുകൾ കടപുഴകി വീണു. അസീസ് നീന്താൻ നന്നായി പാടുപെടുന്നുണ്ടായിരുന്നു. എന്താണ് അയാൾ അടിത്തട്ടിൽ നിന്നും പൊക്കിക്കൊണ്ടുവരുന്നതെന്ന ആകാംഷയിൽ ആൾക്കൂട്ടം ആരവങ്ങൾ മുഴക്കി."

- ചട്ടമ്പിശാസ്ത്രം, കിം​ഗ് ജോൺസ്

കുട്ടനാട്ടിലെ വലിയൊരു വെള്ളപ്പൊക്കത്തിലാണ് സഖാവ് രാഘവൻ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നത്. ചെളിപുരളാത്ത വെളുത്ത ഉടുപ്പ് മാത്രമിടുന്ന രാഘവൻ (ചെളിപ്രദേശമായ കുട്ടനാട്ടിൽ സദാസമയവും ചെളിപുരളാതെ ഷർട്ടും മുണ്ടും കൊണ്ടുനടക്കണമെങ്കിൽ രാഘവൻ വിയർക്കുക പോലും ചെയ്യാത്ത തൊഴിലാളി നേതാവാണെന്ന് സാരം) പട്ടാണി അസീസിന്റെ ഒരു സഹായം പാർട്ടിയുടെ പേരിലാക്കിയാണ് നാട്ടിൽ പച്ചതൊടുന്നത്.

കിം​ഗ് ജോൺസിന്റെ എഴുത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി താഴെത്തട്ടിൽ പയറ്റിപ്പാളിയ നിരവധി അന്യാപദേശ കഥകളുണ്ട്. അവയുടെ എല്ലാം മുഖം രാഘവനാണ്. ആശയം അപ്പോഴും എഴുത്തുകാരൻ വെടിപ്പായി സൂക്ഷിക്കുന്നു. അതിന് പറ്റിയ മുഖം, പ്രാഞ്ചിയേട്ടനിലെ പുണ്യാളനെപ്പോലെ സഖാവ് കൃഷ്ണപിള്ളയാണ്.

എല്ലാമറിയാവുന്ന പി. കൃഷ്ണപിള്ളയുടെ ശിഷ്യനാണ് വിദ്യാഭ്യാസമുള്ള പുലയൻ കുമാരൻ. യുദ്ധത്തിന്റെ നിരർഥകതയെക്കുറിച്ച് ബോധ്യമുള്ള കുമാരൻ എഴുതുകയും സംസാരിക്കുകയും ചെയ്യും. പി. കൃഷ്ണപിള്ളയെപ്പോലെ പട്ടാണി അസീസും കുമാരന് സ്വാധീനമുള്ളവരാണ്. പ്രാദേശിക കമ്മ്യൂണിസ്റ്റ് പാർട്ടി രാഘവന്റെ സമ്മർദ്ദങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. അവർ പുലയരോട് ജന്മിമാരെപ്പോലെ പെരുമാറുന്നു, ചെയ്യാത്ത കാര്യങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കുന്നു, ആവശ്യമെങ്കിൽ വിമർശകരെ ഉന്മൂലനം ചെയ്യുന്നു.

വർ​ഗസമരങ്ങളുടെ വാർ‌പ്പുമാതൃക, ജാതി കൊണ്ട് വിവേചനമുള്ള ഒരു രാജ്യത്ത് നടപ്പാവില്ലെന്നതാണ് ഇന്ത്യയിൽ കമ്മ്യൂണിസം പരാജയപ്പെടാൻ കാരണമെന്ന് സമർഥിക്കുന്ന നോവലിസ്റ്റ്, അറിവുള്ള പുലയനായ കുമാരൻ, അയ്യൻകാളിയെ പുലയരുടെ രാജാവ് എന്ന് വിളിക്കാൻ സൗകര്യപ്പെടില്ലെന്ന് ബോധ്യപ്പെടുത്തുന്നുമുണ്ട്.

*

ചട്ടമ്പിശാസ്ത്രം വലിയൊരു വഴിത്തിരിവാകുന്നത് മതപരിവർത്തനെത്തെക്കുറിച്ചുള്ള ഒരു അധ്യായത്തിലൂടെയാണ് നമ്പൂതിരിയും നായരും മാമോദിസ മുങ്ങിയാണ് നസ്രാണികൾ ഉണ്ടായതെന്ന ജാതി​ഗർവ്വ് ഭേദിക്കുന്നുണ്ട് കിം​ഗ് ജോൺസ്. ഉ​ഗ്രനരസിം​ഹം എന്ന ഉരുവിന് പിന്നാലെ വരുന്ന അന്വേഷണങ്ങളിൽ അത് വെളിപ്പെടുന്നുണ്ട്.

പലായനങ്ങളുടെ അവസാനം ഇടുക്കിയിലെ ഒരു മലയിൽ ജീവിതം ഉറപ്പിക്കുന്ന പുലയർക്ക് ജാതിയുടെ ഭാരം പേറി ജീവിക്കാൻ കഴിയില്ലെന്ന ബോധ്യമുണ്ടാകുന്നു. ആ കുടുംബങ്ങളെല്ലാം ചേർന്ന് ഒരുമിച്ച് ഒരു തീരുമാനം എടുക്കുന്നു. എല്ലാവരും മതംമാറി ക്രിസ്ത്യാനികളാകുന്നു. ജാതി ഉന്മൂലനം ചെയ്യാൻ അവർക്ക് രണ്ട് തലമുറകൾ പോലും വേണ്ടിവന്നില്ല.

കാലാന്തരത്തിൽ അവർ മണ്ണും സ്വത്തും എല്ലാം സ്വന്തമാക്കി. ജന്മികളായി, അവർ അഭിനയിക്കുകയും പിന്നീട് അവരുടെ അനന്തരതലമുറകൾ സ്വന്തമാണെന്ന് കരുതുകയും ചെയ്ത പൈതൃകം അവർ രാഷ്ട്രീയമാക്കി. കേരള കോൺ​ഗ്രസ് പാർട്ടികളുണ്ടായി. ജാതിയെപ്പറ്റി അവർ മറന്നെങ്കിലും ചോദ്യങ്ങളുണ്ടാകുമ്പോൾ അവരുടെ പുതിയ തലമുറ ആവർത്തിക്കുന്നു അവർ ഉയർന്ന ജാതിയായിരുന്നു. ഓരോ വാക്കിനും പണം നൽകേണ്ട മാട്രിമോണിയൽ പരസ്യങ്ങളിൽ അവർ പ്രത്യേകം ചേർക്കുന്നു, "എസ്.സി, എസ്.ടി ഒഴികെ ഏതും."

*

ഡി.സി ബുക്സ് ഖസാക്കിന്റെ ഇതിഹാസം സുവർണജൂബിലി നോവൽ മത്സരം 2021-ൽ ഒന്നാം സ്ഥാനം നേടിയ നോവലാണ് ചട്ടമ്പിശാസ്ത്രം. സമൂഹത്തിൽ ഇന്ന് നാം കൂടുതലായി കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന സ്വത്വവാദ രാഷ്ട്രീയവും, മാനസിക ആരോ​ഗ്യവും, സദാചാരവും, സ്വാതന്ത്ര്യവും എല്ലാം ചട്ടമ്പിശാസ്ത്രത്തിൽ പ്രമേയമാകുന്നുണ്ട്.

വായിക്കാൻ പ്രേരിപ്പിക്കുന്ന ശൈലി കിം​ഗ് ജോണസിനുണ്ട്. കുട്ടനാടും ചങ്ങനാശേരിയും ഇടുക്കിയും എല്ലാം ഓരോന്നിന്റെയും അച്ചുകളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് നോവലിസ്റ്റ്. ക്രാഫ്റ്റിലെ പരീക്ഷണങ്ങൾ പുതിയകാലത്തെ പുതിയ ദിശയോടുള്ള എഴുത്തുകാരുടെ അഭിനിവേശമായി കാണാവുന്നതേയുള്ളൂ.

ഇതൊന്നും ഞാനെഴുതുന്നതല്ല എന്ന ജാമ്യത്തിലൂടെ ഇതെല്ലാം ‍ഞാൻ തന്നെയാണ് എഴുതുന്നത് എന്ന പുതിയകാല നോവലിസ്റ്റുകളുടെ ആത്മ​ഗതം, ചട്ടമ്പിശാസ്ത്രത്തിലുമുണ്ട്. കഥാപാത്രങ്ങളുടെ പകർന്നാട്ടത്തിലൂടെ ശാശ്വതമായ സത്യവും എല്ലാവർക്കും അനുയോജ്യമായൊരു കഥയും നിലവിലില്ലെന്ന വെളിപാടും നോവൽ തരുന്നുണ്ട്. പുതിയ കാലം സ്വീകരിക്കാൻ വായനക്കാർ തയാറായിരിക്കണം, പഴമയുടെ വെളിച്ചവും നിഴലും ഇനിയുള്ള കാലത്തെ നോവലുകളിൽ തുടർന്നും നിങ്ങൾ കാണുമെങ്കിലും അവയെല്ലാം മുഴുവൻ ലോകത്തിനും വേണ്ടിയുള്ള ഒരേ ഭാഷയായിരിക്കും സംസാരിക്കുക.

-ends-

Write a comment ...

Abhijith VM

Content Writer at Asianet News (Digital Sales.) Hibernating Journalist. Previously: Times Internet, Mathrubhumi. Bi-lingual. Opinions strictly personal.