ചേട്ടാ, ഈ ജേണലിസ്റ്റുകളെന്താ വലിക്കുന്നത്?

Prima facie - ഈ വാക്കിന് പ്രഥമ ദൃഷ്ട്യ എന്നാണ് അർഥം.

കുറച്ച് നാളുകൾക്ക് മുൻപ് അസമിൽ നടന്ന ഒരു കൊലപാതകത്തിന്റെ ഇര, പ്രഥമദൃഷ്ട്യ ബലാത്സം​ഗം ചെയ്യപ്പെട്ടതാണ് എന്ന് തോന്നിക്കുന്നു എന്ന പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വാർത്തയിലെ ഒരു വാചകം (Prima facie, it seems the woman, aged 18, was raped and burned to death, he said.) ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിൽ വന്നപ്പോൾ "പ്രീമാ ഫേസി എന്ന പതിനെട്ട് വയസ് പ്രായമുള്ള പെൺകുട്ടിയുടെ ശരീരം" എന്ന് എഴുതിവന്നു.

2022 ഏപ്രിൽ നാലിന് മാതൃഭൂമിയിലെ മറ്റൊരു വാർത്തയിൽ യു.എസിലെ കാൻസസിലെ മൃ​ഗശാലയിൽ നിന്ന് 17 വ‍ർഷം മുൻപ് പറന്നുപോയ ഒരു ഫ്ളമിം​ഗോ പക്ഷിയെക്കുറിച്ച് പറയുന്നു. "മൃ​ഗശാല അധികൃതർ ചിറകിൽ ക്ലിപ് ഘടിപ്പിക്കാൻ മറന്നതോടെ ഫ്ളമിം​ഗോ സ്ഥലം വിടുകയായിരുന്നു" എന്നാണ് മാതൃഭൂമി എഴുതുന്നത്.

പറക്കാതിരിക്കാൻ കിളികളുടെ ചിറക് അരിയുന്ന പരിപാടിയാണ് ക്ലിപ്പിങ്, അല്ലാതെ മുടിയിൽ ഇടുന്ന ക്ലിപ്പ് അല്ല. ഒരാളുടെ ചിറകരിയുക (clip someone's wings) എന്ന ഒരു ശൈലി തന്നെ ഇം​ഗ്ലീഷിലുണ്ട്. മലയാളത്തിലും നമ്മളത് ഉപയോ​ഗിക്കുന്നു - "ബാംഗ്ലൂരുവിന്റെ പ്ലേ ഓഫ് മോഹങ്ങളുടെ ചിറകരിഞ്ഞ് ഹൈദരാബാദ്"

2022 മാർച്ച് 29ന് ട്വന്റിഫോർ ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ അമ്മയുടെ സഞ്ചിയിൽ കയറാൻ കഷ്ടപ്പെടുന്ന "6 മാസം മാത്രം പ്രായമായ ജോയി എന്ന കങ്കാരുക്കുഞ്ഞി"നെക്കുറിച്ച് പരാമർശമുണ്ട്. ജോയി (joey) കങ്കാരുവിന്റെ കുഞ്ഞിനെ വിളിക്കുന്ന പേരാണ്. ലോകത്തിലെ എല്ലാ കങ്കാരുക്കുഞ്ഞുങ്ങളും ജോയി ആണ്.

ചില വായനക്കാരെങ്കിലും അതിശയത്തോടെ ചോദിക്കുന്നു, എന്തുകൊണ്ടാണ് മലയാള മാധ്യമങ്ങൾക്ക് ഇങ്ങനെ അടിക്കടി തെറ്റുകൾ പറ്റുന്നത്?

തെറ്റുപറ്റിയത് പോട്ടെ, ആരും ഒന്നും കാണുന്നില്ലെന്ന ഭാവത്തിൽ തിരുത്തുവരുത്തി ഒരു ഖേദപ്രകടനമോ, വാർത്ത അപ്ഡേറ്റ് ചെയ്തെന്ന കുറിപ്പോ ഇവരാരും വാർത്തകളിൽ ചേർക്കാത്തത് എന്തുകൊണ്ടാണ്?

2019ൽ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര മാധ്യമങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസ് ഫേസ്ബുക്കിൽ ഒരു തിരുത്ത് പോസ്റ്റ് ചെയ്തിരുന്നു. യു.എസ് സംസ്ഥാനമായ വിസ്കോൺസിനിലെ ഒരു സ്കൂളിൽ ഒരു വിദ്യാർഥി അക്രമം നടത്താൻ കൈവശം തോക്ക് കരുതി എന്നായിരുന്നു എൻ.വൈ.ടി.യുടെ വാർത്ത.

തോക്ക് അല്ല, മൂർച്ചയുള്ള ഒരു ആയുധമായിരുന്നു അക്രമി ഉപയോ​ഗിച്ചത് എന്ന് പോലീസ് തിരുത്തിയപ്പോൾ, തങ്ങളുടെ വാർത്തയിലും ഫേസ്ബുക്ക് പോസ്റ്റിലും പിഴവ് പറ്റിയെന്നും ഖേദിക്കുന്നു എന്നും പത്രം തിരുത്തിറക്കി. യു.എസിൽ തോക്ക് ഒരു സവിശേഷമായ രാഷ്ട്രീയ പ്രശനം കൂടിയാണ്. അതുകൊണ്ടാണ് ഖേദപ്രകടനം ന്യൂയോർക്ക് ടൈംസ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റായി തന്നെ എഴുതിയതും.

എങ്കിലും, ലോകം മുഴുവൻ വായിക്കപ്പെടുകയും 'ന്യൂസ് പേപ്പർ ഓഫ് റെക്കോഡ്' ആയി കണക്കാക്കപ്പെടുകയും ചെയ്യുന്ന ന്യൂയോർക്ക് ടൈംസിന് നഷ്ടം വരുമെന്ന് പേടിയില്ലാത്ത എന്ത് അഭിമാനമാണ് വെറും 3.5 കോടി ജനങ്ങൾ മാത്രമുള്ള ഈ ചെറിയ സംസ്ഥാനത്തെ 30 ലക്ഷത്തിൽ താഴെ മാത്രം ആളുകൾ ലൈക് ചെയ്യുന്ന പേജുകൾക്ക് നഷ്ടം വരുമെന്ന് പേടിയുള്ളത്?

ഖേദപ്രകടനം, തെറ്റ് സമ്മതിക്കൽ, തിരുത്തൽ തുടങ്ങിയവ മലയാളത്തിലെ മാധ്യമ സ്ഥാപനങ്ങളുടെ ജീനുകളിൽ ഇല്ലെന്ന് വേണം കരുതാൻ. പക്ഷേ, വായനക്കാർ ചോദിക്കുന്ന 'ഈ തെറ്റുകൾ എന്തേ ആവർത്തിക്കുന്നു' എന്ന ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും?

എവിടെയാണ് തുടങ്ങുക?

കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടറാണോ ഡ്രൈവറാണോ വലുത് എന്ന തർക്കംപോലെ ബുദ്ധിമുട്ടുള്ള ഒന്നാണ് ഒരു മാധ്യമസ്ഥാപനത്തിൽ റിപ്പോർട്ടർമാരാണോ സബ് എഡിറ്റർമാരാണോ വലുത് എന്നത്. ഇന്ന് ആ തർക്കം ഡിജിറ്റൽ ജേണലിസ്റ്റുകളെ ബാധിക്കുന്നില്ല. കാരണം, ഏതാണ്ട് എല്ലാ ഡിജിറ്റൽ ന്യൂസ് സ്ഥാപനങ്ങളും സബ് എഡിറ്റർമാരെ ഒഴിവാക്കി.

നിലവിൽ കണ്ടന്റ് റൈറ്റർമാർ മാത്രമാണ് ഉള്ളത് (ആ വാക്ക് ശ്രദ്ധിക്കണം, ജേണലിസ്റ്റ് അല്ല, കണ്ടന്റ് റൈറ്റർ). ഈ കണ്ടന്റ് റൈറ്റർമാർ ആരും വാർത്തയെഴുതാൻ പുറത്തുപോകുന്നില്ല, 10 മണിക്കൂർ ജോലിയുണ്ടെങ്കിൽ 9 മണിക്കൂറും അവർ സ്വന്തം കസേരയിലാണ്. ഡിജിറ്റൽ ജേണലിസം നോക്കിയെഴുത്തും പകർത്തിയെഴുത്തുമാണ്.

ഒരു ദിവസമെങ്കിലും ഒരു പത്ര സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് അറിയാം റിപ്പോർട്ടർമാർ എഴുതുന്ന കഥ വായിക്കുന്നതും തിരുത്തുന്നതും തലക്കെട്ടിടുന്നതും ഒരു സബ് എഡിറ്ററാണ്. അയാളാണ് ആ വാർത്തയുടെ ആദ്യത്തെ വായനക്കാരൻ. അയാളാണ് വാർത്ത വായിക്കുന്നവർക്ക് തോന്നേണ്ട ഓരോ സംശയവും പരിഹരിക്കേണ്ടത്.

സ്വയം ഉത്തരം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ അയാൾ റിപ്പോർട്ടറെ ഫോൺ വിളിക്കും. ഇതായിരുന്ന പതിവ്. പക്ഷേ, ഡിജിറ്റൽ ആ ​ഗേറ്റ്കീപിങ് സങ്കേതം തന്നെ തകർത്തു കളഞ്ഞു. വാർത്ത തിരുത്തുന്ന സബ്എഡിറ്ററെയും അക്ഷരവും ശൈലിയും തെരയുന്ന പ്രൂഫ് റീഡറെയും ഡിജിറ്റൽ ഒഴിവാക്കി. മൂന്നു പേരുടെ ജോലി ഒരാളിൽ ഒതുങ്ങി. വേ​ഗത, കൃത്യത, സകലമാന വിവരങ്ങളെയും കുറിച്ചുള്ള പ്രാഥമികബോധം എന്നിവ ഒരാൾ സ്വയം സ്വായത്തമാക്കണം എന്നായി.

മാനേജ്മെന്റുകൾക്ക് ഇത് വലിയ സന്തോഷം നൽകുന്ന തീരുമാനമാണ്. ഒറ്റയടിക്ക് രണ്ട് ജീവനക്കാരെ ഒഴിവാക്കാം, അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒപ്പം ഓഫീസിലെ 2 കസേരകളും ലാഭിക്കാം. ജേണലിസം ഒരു കാലത്തും ലാഭമുള്ള ബിസിനസ് അല്ല. സ്വഭാവികമായും മൂലധന താൽപര്യം, മൂവാറ്റുപുഴയിലെ രക്തദാന ക്യാമ്പ് റിപ്പോർട്ട് ചെയ്യുന്നയാളെക്കൊണ്ട് തന്നെ കാൻസസിലെ ഫ്ളമിം​ഗോ കിളികളെക്കുറിച്ചും എഴുതാൻ നിർബന്ധിച്ചു.

രണ്ടാമത്തെ പ്രശനം വായനയും ധാരണയുമില്ലാത്തതാണ്. മലയാളത്തിലെ മറ്റു മാധ്യമങ്ങളിൽ നിന്ന് അന്താരാഷ്ട്ര വാർത്തകൾ വായിച്ച് പകർത്തിയെഴുതാൻ ശ്രമിക്കുന്നവർക്ക് എങ്ങനെയാണ് കാൻസസും കളിവള്ളവും തമ്മിൽ തിരിച്ചറിയാൻ പറ്റുന്നത്?

മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റ് ന്യൂസും പണിമുടക്കിയാൽ തൊട്ടടുത്ത മണിക്കൂറിൽ ചത്തുപോകുന്ന ഡിജിറ്റൽ ജേണലിസം മാത്രമേ കേരളത്തിൽ ഇപ്പോഴുമുള്ളൂ. വാർത്ത അവശ്യ സർവീസ് ആയത് കൊണ്ടും, മേൽപ്പറഞ്ഞവർ നിശ്ചലമാകില്ലെന്ന ഉറപ്പുമാണ് ബാക്കി പരാദങ്ങളുടെ ആത്മവിശ്വാസം.

അന്താരാഷ്ട്ര വാർത്തകൾ ഇം​ഗ്ലീഷിൽ വായിക്കാതെ, ആ ഭാഷയെ ഭയപ്പെടാതെ സമീപിക്കാൻ പഠിക്കാതെ വാർത്തകളെ സമീപിക്കുന്നവരാണ് ആദ്യം പറഞ്ഞ ​ഗംഭീര നാഴികക്കല്ലുകൾ ഉണ്ടാക്കുന്നത്.

മാതൃഭൂമി ന്യൂസ് ചാനൽ ഓസ്കർ പുരസ്കാര ദിവസം കൊടുത്തു എന്ന് പറയപ്പെടുന്ന ഒരു ​ഗ്രാഫിക്സ് ആണിത്.

കനേഡിയൻ സംവിധായകൻ ഡെനി വിലെന്യൂ (Denis Villeneuve) സംവിധാനം ചെയ്ത സിനിമ, ഡ്യൂൺ (Dune, 2021) ആറ് ഓസ്കർ പുരസ്കാരങ്ങളാണ് നേടിയത്. മാതൃഭൂമി പോസ്റ്റ് ചെയ്ത ഡ്യൂണിന്റെ പോസ്റ്റർ പക്ഷേ, വിഖ്യാത അമേരിക്കൻ സിറ്റ്കോം 'ഫ്രണ്ട്സി'ലെ ഒരു കഥാപാത്രത്തെ ഉൾപ്പെടുത്തിയ പാരഡിയായിരുന്നു.

ഇവിടെയാണ് മൂന്നാമത്തെ പ്രശനം വരുന്നത്. ഒരു ജേണലിസ്റ്റ് എല്ലായിപ്പോഴും ഒരു സബ്ജക്റ്റ് എക്സ്പേർട്ട് ആകുന്നതാണ് ഉത്തമം. അയാൾ ലോകത്തിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും വ്യാകുലപ്പെടുമ്പോഴും ഏതെങ്കിലും ഒരു വിഷയത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അത് ചിലപ്പോൾ സയൻസ് ആകാം, സിനിമയാകാം, രാഷ്ട്രീയമാകാം, ആരോ​ഗ്യമാകാം, ബിസിനസ് ആകാം.

ഒരു മാധ്യമപ്രവർത്തകൻ സബ്ജക്റ്റ് എക്സ്പേർട്ട് ആകുന്നത് വർഷങ്ങളെടുത്താണ്. അയാളുടെ പ്രായം, പരിചയം എന്നിവ തെറ്റുകളുടെ എണ്ണം കുറയ്ക്കുന്നു, റിപ്പോർട്ടുകളുടെ വസ്തുനിഷ്ഠമാക്കുന്നു, പുതിയ ജേണലിസ്റ്റുകളെ പരിശിലിപ്പിക്കാൻ സഹായകമാകുന്നു.

പക്ഷേ, മൂലധനം ഇവിടെയും കടമ്പയാണ്. മലയാളത്തിൽ ഇനിയും ഒരു പ്രതിസന്ധിയായിട്ടില്ലെങ്കിലും ഇം​ഗ്ലീഷിൽ വ്യാപകമായി മുതിർന്ന മാധ്യമപ്രവർത്തകരെ സ്ഥാപനങ്ങൾ പറഞ്ഞുവിടുന്നു. അവരെ 'അഫോഡ്' ചെയ്യാൻ കുറഞ്ഞ സർക്കുലേഷനും ഡിജിറ്റൽ കോംപറ്റീഷനും കാരണം കഴിയുന്നില്ലെന്നതാണ് ഒരു വാദം. പക്ഷേ, ആത്യന്തികമായി ഈ കൊഴിഞ്ഞുപോക്ക് പുതിയ ജേണലിസ്റ്റുകളെയും ഒടുവിൽ ജേണലിസത്തിന്റെ ​ഗുണത്തെയും ​ഗതിയെയുമാണ് ബാധിക്കുക.

ഇതോടൊപ്പം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. വായനക്കാർ ഇം​ഗ്ലീഷ് അറിയാത്തവരല്ല. മലയാളികൾ ലോകം മുഴുവൻ കുടിയേറുന്നവരാണ്, അവർക്ക് മാധ്യമ പ്രവർത്തകരെക്കാൾ ബുദ്ധിയുണ്ട്. തെറ്റുകൾ ഒളിപ്പിച്ചു വെക്കാൻ ഇനി എളുപ്പമല്ല.

ജീവിതത്തിൽ ഒരു സമയത്തും ബിസിനസ് റിപ്പോർട്ടിങ്ങ് ചെയ്തിട്ടില്ലാത്ത ഒരാളെ ദലാൽ സ്ട്രീറ്റിലെ കഥകളഴുതാൻ ഏൽപ്പിച്ച് സ്വതന്ത്രമായി ഒരു കസേരയും മോണിറ്ററും കൊടുത്തുവിടുന്നവർ ചെയ്യുന്ന ​ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പരിക്കേറ്റും ചോരവാർന്നും പരിഹസിക്കപ്പെട്ടും വീഴുന്നവരാണ് ഫ്ലമിം​ഗോ പക്ഷികൾക്ക് ക്ലിപ്പിടാൻ സന്മനസ് കാണിക്കുന്ന ജേണലിസ്റ്റുകൾ.

-ends-

*ലേഖനത്തിന്റെ തലക്കെട്ട്, ഇപ്പോൾ സാർവത്രികമായ ഒരു പരിഹാസ പ്രയോ​ഗം. ജേണലിസ്റ്റുക‍ൾ തീവ്ര ലിബറലുകളാണെന്നും അവർ കഞ്ചാവ് കൂട്ടിയിട്ട് വലിച്ചാണ് അറ്റവും മൂലയുമില്ലാത്ത വാർത്തയെഴുതുന്നത് എന്നുമുള്ള വിവക്ഷ. അറിവില്ലായ്മയാണ് ജേണലിസ്റ്റുകളുടെ പ്രശനമെന്ന് ഒരിക്കൽക്കൂടെ സൂചിപ്പിക്കുന്നു.

Update: 05/04/22 22:29 IST - punctuations, typos fixed.

Write a comment ...

Abhijith VM

Content Writer at Asianet News (Digital Sales.) Hibernating Journalist. Previously: Times Internet, Mathrubhumi. Bi-lingual. Opinions strictly personal.